മുംബൈ: ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. പിതാവിന്റെ പാത പിന്തുടര്‍ന്ന് മക്കളായ സുഹാനയും ആര്യനും സിനിമയിലേക്ക് തന്നെ എത്തുമെന്നാണ് സിനിമ ലോകത്തു നിന്നുമുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തന്റെ മൂന്നാമത്തെ കുട്ടിയായ അബ്രാമിനെ സിനിമയില്‍ കാണാനല്ല ഷാരൂഖിന് ആഗ്രഹം. അഞ്ച് വയസു പ്രായമുള്ള അബ്രാമിനെ ഭാവിയില്‍ ഒരു ഹോക്കി താരമാക്കി വളര്‍ത്തണമെന്നാണ് കിംഗ് ഖാന്റെ ആഗ്രഹം. അവന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.

ഹോക്കി പശ്ചാത്തലമാക്കി തയ്യാറാക്കിയ ചക് ദേ ഇന്ത്യയില്‍ അഭിനയിച്ചിട്ടുള്ള കിംഗ് ഖാന്റെ ഹോക്കിയോടുള്ള താല്‍പര്യം നേരത്തെ തന്നെ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരം കാണാനും ഷാരൂഖിനൊപ്പം അബ്രാമുണ്ടായിരുന്നു.” അവന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ടില്ല. ചെറുതായി ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. പക്ഷെ അവന്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി കളിക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം,” കിംഗ് ഖാന്‍ പറയുന്നു.

ഗൗതം ഗംഭീറിന് പകരം ദിനേശ് കാര്‍ത്തിക്കാണ് ഈ സീസണില്‍ കൊല്‍ക്കത്തയെ നയിക്കുന്നത്. പുതിയ ക്യാപ്റ്റനെ പിന്തുണയ്‌ക്കേണ്ടത് കൊല്‍ക്കത്ത ആരാധകരുടെ ഉത്തരവാദിത്വമാണെന്നും കിംഗ് ഖാന്‍ പറഞ്ഞു.” ദിനേശിനെ പിന്തുണയ്ക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. തന്റെ ജോലി നന്നായി തന്നെ ചെയ്യാന്‍ ദിനേശിന് സാധിക്കും. പക്ഷെ ആദ്യം നമ്മള്‍ പിന്തുണയ്ക്കണം,” ഷാരൂഖ് പറഞ്ഞു.

രണ്ട് ഐപിഎല്‍ ട്രോഫികള്‍ നേടി തന്ന ഗംഭീറിനെ ഇത്തവണ ലേലത്തില്‍ കൊല്‍ക്കത്ത വിട്ടുനല്‍കുകയാണ്. പിന്നീടാണ് പുതുതായി ടീമിലെത്തിച്ച ദിനേശ് കാര്‍ത്തിക്കിനെ നായകനായി നിശ്ചയിക്കുന്നത്. ഗംഭീറിനെ പോലെ തന്നെ വളരെ നല്ല ക്യാപ്റ്റനാകാന്‍ ദിനേശിന് സാധിക്കുമെന്നും അതേസമയം, ടീം വിട്ട ഗൗതമിനോട് അതിയായ കടപ്പാടുണ്ടെന്നും കിംഗ് ഖാന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ