ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ‘പത്താൻ’ റിലീസിനൊരുങ്ങുകയാണ്. ‘പത്താൻ’ റിലീസിന് മുന്നോടിയായി ഷാരൂഖ് ഖാൻ വാരാന്ത്യത്തിൽ ജമ്മു- കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ചതിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഞായറാഴ്ച രാത്രി വൈകിയാണ് ക്ഷേത്രത്തിലെത്തിയ ഷാരൂഖ് മുഖം മറച്ച് അംഗരക്ഷകർക്കൊപ്പമാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഫോട്ടോഗ്രാഫറോട് ചിത്രങ്ങളൊന്നും എടുക്കരുതെന്ന് ഒരു സുരക്ഷാ ജീവനക്കാരൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. അടുത്തിടെ മക്കയിലെത്തി താരം ഉംറ നിർവഹിക്കുകയും ചെയ്തിരുന്നു.
അഞ്ച് വർഷത്തിന് ശേഷമാണ് ഷാരൂഖ് ഖാൻ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. കത്രീന കൈഫും അനുഷ്ക ശർമ്മയും അഭിനയിച്ച ‘സീറോ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ഷാരൂഖ് ചിത്രം. 2023 ജനുവരിയിൽ ആക്ഷൻ ചിത്രമായ ‘പത്താൻ’, ജൂണിൽ അറ്റ്ലിയുടെ ‘ജവാൻ’, ഡിസംബറിൽ രാജ്കുമാർ ഹിരാനിയുടെ ‘ഡങ്കി’ എന്നിവ തിയേറ്ററുകളിലേക്ക് എത്തും. മൂന്നും ഒന്നിനൊന്ന് വ്യത്യസ്തമായ കഥകളാണ് പറയുന്നത്. അതുകൊണ്ടുതന്നെ, താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.