scorecardresearch
Latest News

അർബുദ ബാധിതയായ ആരാധികയുടെ ആഗ്രഹം സഫലീകരിച്ച് ഷാരൂഖ്

ശിവാനിയുമായി 30 മിനുട്ട് സംസാരിച്ച ഷാരൂഖ് അവർക്ക് സാമ്പത്തിക സഹായം ഉറപ്പു നൽകുകയും ചെയ്തു

Shah Rukh Khan, actor, Bollywood
Shah Rukh Khan

ആരാധകരെ നേരിട്ട് കണ്ട് തന്റെ നന്ദിയും സ്നേഹവും പ്രകടിപ്പിക്കാൻ മടിയില്ലാത്ത താരമാണ് ബോളിവുഡ് കിങ്ങ് ഖാൻ ഷാരൂഖ്. ഈയടുത്താണ് അർബുദ രോഗിയായ ശിവാനി ചക്രബർത്തി തന്റെ അവസാന ആഗ്രഹമായി ഷാരൂഖിന് കാണണമെന്ന് ആവശ്യപ്പെട്ടത്. ഉടൻ തന്നെ ഷാരൂഖ് ആ ആഗ്രഹം സഫലീകരിച്ചു കൊണ്ട് വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടു.

ഫാൻ പേജുകളിൽ ഷാരൂഖ് വീഡിയോ കോൾ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ നിറയുകയാണ്. ശിവാനിയുമായി 30 മിനുട്ടുകളോളം സംസാരിച്ച ഷാരൂഖ് അവർക്ക് സാമ്പത്തിക സഹായം ഉറപ്പു നൽകുകയും ചെയ്തു. തന്റെ മകളെ ഷാരൂഖ് അനുഗ്രഹിക്കണമെന്ന ആഗ്രഹവും ശിവാനി ആജ് തക്കിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അടുത്ത തവണ കൊൽക്കത്തയിലേക്ക് വരുമ്പോൾ ശിവാനിയെ കാണാൻ എത്തുമെന്നും മാത്രമല്ല മകളുടെ വിവാഹത്തിന് താനുണ്ടാകുമെന്നും ഷാരൂഖ് പറഞ്ഞു.

ഷാരൂഖിനു വേണ്ടി ഭക്ഷണം പാകം ചെയ്യുമെന്ന് ശിവാനി പറഞ്ഞിരുന്നു. “ഞങ്ങൾ വീട്ടിൽ എല്ലാ ദിവസവും കഴിക്കുന്ന ഏതെങ്കിലുമൊരു ആഹാരം ഞാൻ അദ്ദേഹത്തിനു തയാറാക്കി നൽകും. അദ്ദേഹത്തിനു ബംഗാൾ ഇഷ്ടമാണ്, അതുകൊണ്ട് വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും തീർച്ചയായും ഇഷ്ടപ്പെടും.” തനിക്ക് മീൻ പാകം ചെയ്തു തരണമെന്നായിരുന്നു ഷാരൂഖിന്റെ മറുപടി. താരത്തിനൊപ്പം സംസാരിച്ച ശേഷം ശിവാനി ഒരുപാട് വൈകാരികമാവുകയും ചെയ്തു.

മൂന്നു പ്രാവശ്യം സംസാരം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും തന്റെ പ്രിയപ്പെട്ട ആരാധികയുടെ അടുത്ത് നിന്ന് ബൈ പറയാൻ ഷാരൂഖിനായില്ല. “ഞാൻ അധിക കാലം ജീവിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞതു മുതൽ ദിവസങ്ങൾ എണ്ണി കൊണ്ടിരിക്കുകയാണ്. എനിക്ക് അദ്ദേഹത്തെ നേരിട്ടു കാണണം,” ശിവാനി ഒരിക്കൽ പറഞ്ഞതിങ്ങനെയായിരുന്നു.

വർഷങ്ങളായി ശിവാനി അർബുദ ബാധിതയാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. എന്തിരുന്നാലും ഷാരൂഖിന്റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമായ പഠാൻ കാണാൻ ശിവാനി മറന്നില്ല. ബുദ്ധിമുട്ടുകൾ ഏറെയുണ്ടെങ്കിലും തിയേറ്ററിലെത്തി തന്നെ ശിവാനി ചിത്രം കണ്ടു. “എന്റെ അമ്മയുടെ കാഴ്ച്ച കുറയുകയാണ്. അവരുടെ ആഗ്രഹം സഫലമായെന്ന് ഞാൻ വിശ്വസിക്കുന്നു” ശിവാനിയുടെ മകൾ പറയുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shah rukh khan video chats with terminal cancer patient for half hour promises financial help