ഷാരൂഖ് ഖാൻ വിമാന അപകടത്തിൽ മരിച്ചതായി വ്യാജവാർത്ത. യൂറോപ്യൻ ന്യൂസ് നെറ്റ്‌വർക്കായ ഇഐ പെയ്സ് ടിവിയാണ് വാർത്ത പുറത്തുവിട്ടത്. ഷാരൂഖ് സഞ്ചരിച്ചിരുന്ന സ്വകാര്യ ജെറ്റ് വിമാനം തകർന്നുവെന്നും അപകടത്തിൽ താരവും അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന ആറുപേരും മരിച്ചുവെന്നുമാണ് ചാനൽ ബ്രേക്കിങ് ന്യൂസായി പുറത്തുവിട്ടത്.

ജി550 ജെറ്റിലാണ് ഷാരൂഖ് തന്റെ സഹായിക്കൊപ്പം യാത്ര ചെയ്തത്. വിമാനത്തിലെ മറ്റു യാത്രക്കാർ പാരിസിലെ ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് അപകടത്തിനു കാരണമെന്നും ചാനൽ റിപ്പോർട്ട് ചെയ്തു. വാർത്ത പുറത്തുവന്നതിനുപിന്നാലെ ലോകമാകമാനമുളള ഇന്ത്യക്കാർ ഞെട്ടി. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും താരത്തിന്റെ സഹായികളിലേക്ക് കോളുകൾ എത്തി.

ജോയിന്റ് കമ്മിഷണർ ഓഫ് മുംബൈ പൊലീസ് ദേവൻ ഭാരതി പോലും വാർത്ത കേട്ട് ഷാരൂഖിന്റെ സഹായിയെ വിളിച്ചതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തു. ഷാരൂഖിനു യാതൊരുവിധ കുഴപ്പവുമില്ലെന്നും മുംബൈയിലെ ഷൂട്ടിങ്ങിലാണ് അദ്ദേഹം ഉളളതെന്നും വാർത്ത വ്യാജമാണെന്നും കമ്മിഷണറോട് സഹായി മറുപടി നൽകിയതായും മുംബൈ മിററിന്റെ റിപ്പോർട്ടിൽ പറയുന്നു. താൻ മരിച്ചതായുളള വാർത്തകൾ കേട്ട് ഷാരൂഖിന് ഫോൺ കോളുകൾ എത്തുന്നത് ഇതാദ്യമായല്ല. എന്നാൽ ഇത്തവണ കാര്യങ്ങൾ കൂടുതൽ വഷളായി. വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പ്രചരിച്ച വാർത്ത മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുപോലും ലഭിച്ചു. മാത്രമല്ല ഇന്ത്യയിലെ ചില വെബ്സൈറ്റുകളും ഈ വാർത്ത റിപ്പോർട്ട് ചെയ്തു. ഇതു കൂടി ആയപ്പോൾ ആ ദിവസം മുഴുവൻ ഫോൺ കോളുകളുടെ ബഹളമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More: ഷൂട്ടിങ്ങിനിടെ അപകടം; ഷാരൂഖ് ഖാൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

ഇന്നലെ ആനന്ദ് എൽ.റായിയുടെ ചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്തുണ്ടായ അപകടത്തിൽനിന്നും ഷാരൂഖ് ഖാൻ രക്ഷപ്പെട്ടിരുന്നു. മറ്റു ചിലർക്ക് ചെറിയ രീതിയിൽ പരുക്കേറ്റിരുന്നു.

സെലിബ്രിറ്റികൾ മരിച്ചതായുളള വ്യാജവാർത്തകൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. അടുത്തിടെ ടിവി താരം ശ്വേത തിവാരി മരിച്ചതായുളള അഭ്യൂഹങ്ങൾ പരന്നിരുന്നു. മോർഗൻ ഫ്രീമാൻ, ശശി കപൂർ, ദിലീപ് കുമാർ എന്നിവരും വ്യാജ വാർത്തയുടെ ഇരകളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ