സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഷാരൂഖ് ഖാൻ. ട്വിറ്ററിൽ ഷാരൂഖ് നടത്തിയ ‘Ask Me Anything’സെഷനിൽ ആരാധകർ താരത്തോട് അനവധി കാര്യങ്ങൾ ചോദിച്ചു. പുതിയ ചിത്രമായ പത്താൻ, അദ്ദേഹത്തിന്റെ ശീലങ്ങൾ, മക്കളായ ആര്യൻ, സുഹാന, അബ്രാം, ഭാര്യ ഗൗരി എന്നിവരെക്കുറിച്ച് അങ്ങനെ നീളുന്നു ചോദ്യങ്ങൾ.
“കുട്ടികളുടെ അടുത്ത് നിന്ന് കേട്ട ഏറ്റവും വലിയ അഭിനന്ദനം എന്തായിരുന്നു” എന്ന ചോദ്യത്തിന് “പപ്പാ ഞങ്ങൾ കണ്ടതിൽ ഏറ്റവും കരുണയുള്ള മനുഷ്യൻ നിങ്ങളാണ്” എന്ന് പറഞ്ഞതാണെന്നായിരുന്നു ഷാരൂഖിന്റെ മറുപടി. കുട്ടികളാണ് തന്റെ ലോകമെന്നും താരം പറഞ്ഞു.
“പുതിയ ചിത്രത്തിന്റെ റിലീസിനായി കുട്ടികളും കാത്തിരിക്കുകയാണോ” എന്ന ആരാധകന്റെ ചോദ്യത്തിന് “ഞങ്ങളെല്ലാവരും അവതാറിനായുള്ള കാത്തിരിപ്പിലാണ്” എന്നതായിരുന്നു മറുപടി. “കുട്ടികളിൽ ആരാണ് ഏറ്റവും കുസൃതി” എന്ന് ചോദിച്ചപ്പോൾ “അത് ചിലപ്പോൾ ഞാനായിരിക്കും” എന്നും ഷാരൂഖ് പറഞ്ഞു.
“പത്താനിൽ അഭിനയിക്കുന്നതിനെപ്പറ്റി ആരോടാണ് ആദ്യം പറഞ്ഞത്” എന്ന ചോദ്യവും ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. “ഇത് സുഹൃത്തുകളെല്ലാവരും ഒന്നിച്ചുള്ള ചിത്രമാണ് അതുകൊണ്ട് ആദ്യം കുടുംബാംഗങ്ങളോടാണ് പറഞ്ഞത്” ഷാരൂഖ് കുറിച്ച്. “പഠനം കഴിഞ്ഞ് ഷാരൂഖിന്റെ മന്നത്ത് കാണാനായി മുംബൈയ്ക്ക് വരുന്നുണ്ട്” എന്ന ആരാധകന്റെ വാക്കുകൾക്ക് രസകരമായ മറുപടിയും ഷാരൂഖ് നൽകി. “നിങ്ങൾ വന്ന് കാണുമ്പോൾ ഗൗരി ചെയ്ത ഗേറ്റിലെ ഡിസൈൻ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു” ഷാരൂഖ് പറഞ്ഞു.
സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 25 നാണ് തിയേറ്ററിലെത്തുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ വലിയ ആരാധകവൃന്ദമുള്ള താരജോഡികളാണ് ദീപികയും ഷാരൂഖും. ഇരുവരും ഒന്നിച്ചെത്തിയ ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്സ്, ഹാപ്പി ന്യൂയർ എന്നിവയെല്ലാം ബോക്സോഫീസ് ഹിറ്റുകളായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.