ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ഷാരൂഖ് ഖാന്റെ വീഡിയോ പഴയതാണെന്നും കോൺഗ്രസ് രാഷ്ട്രീയ പ്രചരണായുധമെന്ന രീതിയിൽ വീഡിയോ വൈറലാക്കുകയാണെന്നും ആരോപിച്ച് രംഗത്തു വരികയാണ് ഷാരൂഖ് ആരാധകർ. കലയ്ക്ക് മതമില്ലാത്തതു പോലെ ഒരു രാഷ്ട്രത്തിനും മതമുണ്ടാവാൻ പാടില്ലയെന്ന് ഒാർമ്മപ്പെടുത്തി കൊണ്ട് ഇന്ത്യയുടെ ബഹുസ്വരതയേയും വൈവിധ്യത്തേയും കുറിച്ച് ഷാരൂഖ് ഖാൻ സംസാരിക്കുന്ന വീഡിയോ ക്ലിപ്പാണ് ഇന്നലെ രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ആണ് ഇന്നലെ പുലർച്ചെ ഈ വീഡിയോ ക്ലിപ്പ് ട്വിറ്ററിൽ ഷെയർ ചെയ്തത്. തുടർന്ന് നിരവധിയേറെപേർ വീഡിയോ ഷെയർ ചെയ്തു. “നമ്മുടെ രാജ്യത്ത് 1600 ഭാഷകളും നിരവധി പ്രാദേശിക ഭാഷകളുമുണ്ട്. ഓരോ 10 കിലോമീറ്ററിലും പ്രാദേശിക ഭാഷകൾ മാറുന്നു. നൂറു കണക്കിന് മതങ്ങൾ നിലനിൽക്കുന്നു. വൈവിധ്യം നല്ലതാണ്, എന്നാൽ വിഭജനം ശരിയല്ല. കലയ്ക്ക് മതമില്ലാത്തതു പോലെ ഒരു രാഷ്ട്രത്തിനും മതം പാടില്ല. പല നിറങ്ങൾ ചേർന്ന മനോഹരമായ ഒരു ചിത്രമാണ് ഇന്ത്യ. അതിൽ ഒരു നിറം നല്ലതാണെന്നോ മറ്റേതു മോശമാണെന്നോ പറഞ്ഞു തുടങ്ങിയാൽ ആ ചിത്രം തന്നെ ഇല്ലാതായി പോവും, ” വീഡിയോയിൽ ഷാരൂഖ് ഖാൻ പറയുന്നതിങ്ങനെ.

വീഡിയോ വീണ്ടും വൈറലായതോടെ ഷാരൂഖിന്റെ പഴയ വീഡിയോ ഇലക്ഷൻ പ്രചരണായുധം ആക്കി മാറ്റുകയാണ് കോൺഗ്രസ് എന്നാരോപിച്ച് നിരവധിയേറെ ആരാധകരാണ് പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്.

Read more: ഷാരൂഖ് ഖാന് ലണ്ടനിലെ നിയമ സർവകലാശാലയില്‍ നിന്നും ഡോക്ടറേറ്റ്