ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ബയോപിക് ചിത്രം ‘റോക്കറ്ററി: ദ നമ്പി ഇഫക്റ്റ്’. ചിത്രത്തിൽ മാധവനൊപ്പം അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയും എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളും നമ്പി നാരായണൻ​ ആയുള്ള മാധവന്റെ മേക്ക് ഓവർ ലുക്കുമെല്ലാം മുൻപു തന്നെ വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ബോളിവുഡിന്റെ കിങ്ങ് ഖാനും പ്രിയനടൻ സൂര്യയും ചിത്രത്തിന്റെ ഭാഗമാവുന്നു എന്ന വാർത്തകൾ വരുന്നത്. ഇരുവരും മാധവന്റെ അടുത്ത സുഹൃത്തുക്കളാണെന്ന വസ്തുതയും വാർത്തകളെ സാധൂകരിക്കുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി റിമേക്കിലാണ് ഷാരൂഖ് അതിഥിവേഷത്തിലെത്തുന്നത്, തമിഴിൽ അതേ റോൾ സൂര്യയും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. മുൻപും മാധവന്റെ ചിത്രത്തിൽ സൂര്യ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ചിത്രത്തിന്റെ ഭാഗമാവാനുള്ള ആഗ്രഹം മുൻപു തന്നെ സൂര്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ ആദ്യടീസർ മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചപ്പോഴായിരുന്നു സൂര്യ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. “സഹോദരാ.. ഈ സ്വപ്നത്തിന്റെ ഭാഗമാകാൻ ഞാനാഗ്രഹിക്കുന്നു”വെന്നാണ് ഇൻസ്റ്റഗ്രാമിലെ വീഡിയോ കണ്ട് സൂര്യ പ്രതികരിച്ചത്. “ലോകത്തിലെ നിരവധിയേറെ വ്യക്തികളുടെ കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാൽ നിങ്ങൾ കേൾക്കാത്ത,​ ഒരു ക്ലൂവുമില്ലാത്ത കഥകൾ ഇനിയുമേറെയുണ്ടാവും. ഈ മനുഷ്യന്റെ കഥ കേൾക്കുമ്പോൾ, അയാളുടെ നേട്ടങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് നിശബ്ദരായിക്കാനാവില്ല,” എന്നായിരുന്നു ടീസറിൽ മാധവൻ ചിത്രത്തെ കുറിച്ച് സംസാരിച്ചത്.

Read more: നമ്പി നാരായണനെ കുറിച്ചുള്ള ചിത്രത്തിന്റെ ടീസർ ഉടനെയെന്ന് മാധവൻ: ഈ സ്വപ്നത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യ

ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ഐഎസ്ആർഒ ശാസ്ത്രഞ്ജനായ നമ്പി നാരായണന്റെ കഥയാണ് പറയുന്നത്. ചാരക്കേസിൽ പ്രതിയായി മുദ്രക്കുത്തപ്പെട്ട നമ്പി നാരായണന് വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് നീതി ലഭിച്ചത്. ലോകം ഇപ്പോഴും മുഴുവനായി അറിയാതെ പോയ നമ്പി നാരായണന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രം കൂടിയാവും ‘റോക്കെറ്ററി- ദ നമ്പി എഫക്റ്റ്’. മാധവന്റെ കരിയറിലെയും ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നാവും ഇത്.

ഗംഭീര മേക്ക് ഓവറിലാണ് ചിത്രത്തിൽ മാധവനെത്തുന്നത്. ചിത്രത്തിലെ മാധവന്റെ ലുക്ക് മുൻപു തന്നെ വാർത്തയായിരുന്നു. രണ്ടുവർഷമെടുത്താണ് നമ്പി നാരായണൻ എന്ന കഥാപാത്രത്തെ താൻ മനസ്സിലാക്കിയതെങ്കിൽ ആ ലുക്ക് അതുപോലെ ലഭിക്കാനായി 14 മണിക്കൂറോളമാണ് മേക്കപ്പിനായി ചെലവഴിക്കുന്നത് എന്നാണ് തന്റെ മേക്ക് ഓവറിനെ കുറിച്ച് മാധവൻ പറഞ്ഞത്. ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണനെന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നതിനൊപ്പം തന്നെ ചിത്രത്തിന്റെ സഹസംവിധായകനായും മാധവൻ പ്രവർത്തിക്കുന്നുണ്ട്. ചിത്രത്തിൽ നായിക ഇല്ലെന്ന് മുൻപ് മാധവൻ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ മാധവൻ ബോഡി സെറ്റ് ചെയ്യാനായി ഒാസ്ട്രേലിയയിലാണ് ഇപ്പോൾ. ഏപ്രിലിനു ശേഷം ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുക.

മലയാളിയും ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിന്റെ സംവിധായകനായ പ്രജേഷ് സെന്നും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. ‘റോക്കറ്ററി: ദ നമ്പി എഫക്റ്റി’ന്റെ അസോസിയേറ്റ് സംവിധായകനായാണ് പ്രജേഷ് പ്രവർത്തിക്കുന്നത്. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ‘ഓർമകളുടെ ഭ്രമണപഥം’ എന്നൊരു പുസ്തകം എഴുതുകയും ആ പുസ്തകത്തെ അടിസ്ഥാനമാക്കി ഒരു ഡോക്യമെന്ററി സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് പ്രജേഷ്. ആ നമ്പി നാരായണൻ ‘കണക്ഷൻ’ ആണ് പ്രജേഷിന് ഈ ചിത്രത്തിലേക്കുള്ള വഴിതെളിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ