ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. കരൺ ജോഹർ ചിത്രം ‘തക്തി’ലൂടെയാണ് ആര്യൻ ബോളിവുഡിലേക്ക് പ്രവേശിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. മുൻപും പലതവണ താരങ്ങളുടെ മക്കളെ തന്റെ സിനിമകളിലൂടെ ബോളിവുഡിന് പരിചയപ്പെടുത്തി കൊടുത്ത സംവിധായകനായ കരൺ ജോഹർ ഇപ്പോൾ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ മകനെ തന്നെ ബോളിവുഡിലേക്ക് കൊണ്ടുവരുന്നു എന്ന വാർത്തയെ സന്തോഷത്തോടെയാണ് ആരാധകർ സ്വാഗതം ചെയ്യുന്നത്.

എന്നാൽ അഭിനയത്തിലല്ല ആര്യൻ​ ഇപ്പോൾ താൽപ്പര്യം പ്രകടിപ്പിക്കുന്നതെന്നും സംവിധാനമാണ് ലക്ഷ്യമെന്നുമാണ് റിപ്പോർട്ടുകൾ. ‘തക്ത്’ എന്ന ചിത്രത്തിൽ കരൺ ജോഹറിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് 21 വയസ്സുകാരനായ ആര്യന്റെ സിനിമാപ്രവേശനം.

ആര്യൻ ഫിലിം മേക്കിംഗ് പഠിക്കുകയാണെന്നും ഹിന്ദി ഫിലിം ഇൻഡസ്ട്രിയിൽ ചേരാൻ അവന് ആഗ്രഹമുണ്ടെന്നും ഒരു അഭിമുഖത്തിൽ ഷാരൂഖ് തന്നെ വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ അരങ്ങേറ്റം കുറിക്കും മുൻപ് ഒരു അസിസ്റ്റന്റ് സംവിധായകനായി സിനിമാലോകം പഠിക്കാനാണ് താൽപ്പര്യം എന്നും ഷാരൂഖ് തുറന്നു പറഞ്ഞിരുന്നു. “ആര്യൻ സിനിമാസംവിധാനവും എഴുത്തുമാണ് പഠിക്കുന്നത്. സുഹാനയ്ക്കാണ് അഭിനയത്തോട് താൽപ്പര്യം. ഫിലിം മേക്കിംഗ് കോഴ്സ് കഴിഞ്ഞാൽ കരണിനൊപ്പം അസിസ്റ്റന്റായി ചേരാൻ അവൻ ആഗ്രഹിക്കുന്നുണ്ട്,” ഷാരൂഖ് പറഞ്ഞു. അതിന്റെ തുടർച്ച കൂടിയാണ് ഇപ്പോൾ ആര്യന്റെ സിനിമാപ്രവേശനം.

Read more: ഷാരൂഖ് ഒളിപ്പിച്ചുവച്ച ചെറിയ രഹസ്യം വേദിയിൽ പരസ്യമാക്കി ഭാര്യ ഗൗരി

രൺവീർ സിംഗ്, കരീന കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ, ഭൂമി പാട്നേക്കർ, ജാൻവി കപൂർ, അനിൽ കപൂർ തുടങ്ങി വലിയൊരു താരനിര തന്നെ അണി നിരക്കുന്ന ചിത്രമാണ് ‘തക്ത്’. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം കരണ്‍ ജോഹര്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘തക്ത്’. വമ്പന്‍ താരനിരയുള്ള ഈ ചിത്രം 2020ല്‍ ആണ് റിലീസ്. “ചരിത്രത്തില്‍ വാര്‍ത്തെടുത്ത അവിശ്വസനീയമായ കഥ. പ്രൗഢമായ മുഗള്‍ സിഹാസനത്തിന് വേണ്ടിയുള്ള ഇതിഹാസ യുദ്ധം. അനന്തരാവകാശത്തിന്റെയും സ്‌നേഹത്തിന്റെയും ചതിയുടെയും അത്യാഗ്രഹത്തിന്റെയും അഭിലാഷത്തിന്റെയും ഒരു കുടുംബത്തിന്റെയും കഥ. യുദ്ധത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമാണ് ‘തക്ത്’ സംസാരിക്കുന്നത്,” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സമയത്ത് കരണ്‍ ജോഹര്‍ സിനിമയെ വിശേഷിപ്പിച്ചത്. ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook