ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്റെ ‘മൈ ലൈഫ് ഇൻ ഡിസൈൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനമായിരുന്നു തിങ്കളാഴ്ച്ച. താരദമ്പതികളുടെ മുംബൈയിലെ വസതിയായ മന്നത്തിന്റെ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുന്നുണ്ട്. തന്റെ കൗമാര കാലഘട്ടം മുതൽ അറിയുന്ന ഭാര്യ ഗൗരിയെക്കുറിച്ച് വളരെ സ്നേഹപൂർവമാണ് ഷാരൂഖ് വേദിയിൽ വച്ച് സംസാരിച്ചത്.
തങ്ങളുടേതു പോലുള്ള നീണ്ടകാല പ്രണയബന്ധങ്ങളിൽ പരസ്പരം അഭിനന്ദിക്കുക എന്നത് അപ്രധാനമായ കാര്യമാണെന്നും അത് സ്വാഭാവികമായി കണ്ടാൽ മതിയെന്നും ഷാരൂഖ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കരിയറിൽ ഏറ്റവുമധികം പിന്തുണ നൽകിയ വ്യക്തിയാണ് ഗൗരിയെന്നും താരം കൂട്ടിച്ചേർത്തു. ഇന്റീരിയർ ഡിസൈനിങ്ങിന്റെ തിരക്കുകളിൽ മുഴുകുമ്പോഴും തന്റെ ഉയർച്ചകളിൽ ആത്മാർത്ഥമായി തന്നെ ഗൗരി പിന്തുണ അറിയിച്ചെന്നും ഷാരൂഖ് പറയുന്നു.
ബിസനസ്സ് തുടങ്ങുന്നെന്ന് പറഞ്ഞപ്പോൾ മേഖലയിലെ തന്റെ ബന്ധങ്ങൾ ഉപയോഗിക്കാമെന്ന നിർദ്ദേശം താൻ മുന്നോട്ട് വച്ചെങ്കിലും ഗൗരി അത് നിഷേധിച്ചെന്നും ഷാരൂഖ് പറഞ്ഞു. “40 വയസ്സുള്ളപ്പോഴാണ് ഗൗരി ഇതു ചെയ്യാൻ ആരംഭിച്ചത്. എന്റെ സുഹൃത്തുകളോട് സംസാരിച്ച് എന്തെങ്കിലും സഹായം വേണമോയെന്ന് ഞാൻ ചോദിച്ചിരുന്നു. വേണ്ട എന്നാണ് ഗൗരി പറഞ്ഞത്. വളരെ ചെറിയൊരു കടയായിട്ടാണ് ഇതു ആരംഭിച്ചത്. സ്വന്തമായി കഠിനാധ്വാനം ചെയ്താണ് ഗൗരി ഇന്ന് ഈ നിലയിലെത്തിയത്. “
ഗൗരി തന്നെയാണ് വീട്ടിലെ ഏറ്റവും തിരക്കേറിയ വ്യക്തിയെന്ന് പറയാനും ഷാരൂഖ് മറന്നില്ല. ഈ ജോലി തനിക്ക് ഒരുപാട് സംതൃപ്തി നൽകുന്നുണ്ടെന്ന് ഗൗരി പറഞ്ഞപ്പോൾ ഏതു പ്രായത്തിലും തങ്ങളുടെ സ്വപ്നം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാണ് ഇവരെന്ന് ഷാരൂഖ് കൂട്ടിച്ചേർത്തു.
1991 വിവാഹിതരായ ഷാരൂഖിനും ഗൗരിയ്ക്കും ആര്യൻ, സുഹാന, അബ്രാം എന്ന മൂന്നു കുട്ടികളുണ്ട്. ഒരിടവേളയ്ക്കു ശേഷം ‘പഠാൻ’ എന്ന ചിത്രത്തിലൂടെ ഗംഭീരം തിരിച്ചുവരവ് ഷാരൂഖ് നടത്തിയിരുന്നു. അറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജവാൻ’ ആണ് ഷാരൂഖിന്റെ പുതിയ ചിത്രം.