scorecardresearch
Latest News

പ്രായമായി, ഇനി വയ്യ; പ്രണയകിരീടമഴിച്ചു വച്ച് കിംഗ് ഖാൻ

ഒരു ഇൻസ്റ്റാഗ്രാം ലൈവിലാണ് ഷാരൂഖ് ഖാൻ ഇക്കാര്യം പറഞ്ഞത്

പ്രായമായി, ഇനി വയ്യ; പ്രണയകിരീടമഴിച്ചു വച്ച് കിംഗ് ഖാൻ

കുച്ച് കുച്ച് ഹോത്താ ഹേയിലെ രാഹുൽ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗേയുടെ രാജ്, ഷാരൂഖ് ഖാന്റെ ഏറ്റവും അവിസ്മരണീയവും ഏറ്റവും ജനപ്രിയവുമായ കഥാപാത്രങ്ങൾ എടുക്കുകയാണെങ്കിൽ അതെല്ലാം റൊമാന്റിക് ചിത്രങ്ങളിൽ നിന്നുള്ളവ ആയിരിക്കും. എന്നാൽ, ഇപ്പോൾ അത്തരം പ്രണയചിത്രങ്ങളിൽ അഭിനയിക്കാനുള്ള മനസികാവസ്ഥയിൽ അല്ല താനെന്ന് പറയുകയാണ് ഷാരുഖ് ഖാൻ.

ഒരു ഇൻസ്റ്റാഗ്രാം ലൈവിലാണ് ഷാരൂഖ് ഖാൻ, ഇനി റൊമാന്റിക് സിനിമകൾ വയ്യ, അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നു എന്ന് പറഞ്ഞത്. രാഹുലോ രാജോ പോലുള്ള കഥാപാത്രങ്ങളെ മിസ് ചെയ്യുന്നുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷാരൂഖ്. തന്നെക്കാൾ പ്രായം കുറഞ്ഞ നടിമാരോട് ഒപ്പം റൊമാൻസ് ചെയ്യുമ്പോൾ ചില സമയങ്ങളിൽ തനിക്ക് അരോചകമായി തോന്നാറുണ്ടെന്നും താരം പറഞ്ഞു.

“ഇത് വിചിത്രമായി തോന്നാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ രാഹുലിനെ ചെയ്തത് എപ്പോഴാണെന്ന് എനിക്ക് ഓർമയില്ല. ‘രാഹുൽ, നാം തോ സുന ഹോഗാ’ എന്ന് മാത്രം ഞാൻ ഓർക്കുന്നു. അതുകൊണ്ട്, ഞാൻ വേഷങ്ങൾ/കഥാപാത്രങ്ങൾ മിസ് ചെയ്യാറില്ല. കൂടാതെ, റൊമാന്റിക് സിനിമകൾ ചെയ്യാനുള്ള പ്രായം കഴിഞ്ഞെന്ന് എന്ന് ഞാൻ കരുതുന്നു. ചില സമയങ്ങളിൽ അരോചകമായി തോന്നും. വർഷങ്ങൾക്ക് മുൻപ് ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോൾ നായിക എന്നെക്കാൾ ചെറുപ്പമായിരുന്നു. അന്ന് അവരോടൊപ്പം ഒരു റൊമാന്റിക് സീൻ ചെയ്യുന്നത് എനിക്ക് വിഷമകരമായിരുന്നു. എനിക്ക് അൽപ്പം നാണം തോന്നി. എന്നാലും ഞാനൊരു അഭിനേതാവാണ്. ഞാൻ അവരുടെ പ്രായമാണെന്ന് സങ്കൽപ്പിക്കണം. രാഹുലിനെയോ രാജിനെയോ പോലെയുള്ള കഥാപാത്രങ്ങൾ ചെറുപ്പക്കാർക്കുള്ളതായിരിക്കാം,” അദ്ദേഹം പറഞ്ഞു, ഒപ്പം തനിക്ക് ഈ കഥാപാത്രങ്ങൾ തന്നതിന് ആദിത്യ ചോപ്രയ്ക്കും കരൺ ജോഹറിനും ഷാരൂഖ് നന്ദി പറഞ്ഞു.

“സിനിമയിൽ എത്തിയപ്പോൾ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അവരിൽ എന്റെ ഒരു ഭാഗമുണ്ട്. പിന്നെ പത്താനിൽ ഞാനൊരുപാടുണ്ട്. ഞാൻ ഒരു പത്താൻ ആണെന്ന് എനിക്ക് തോന്നുന്നു,” ഷാരുഖ് ചിരിച്ചു.

ലൈവിന്റെ തുടക്കത്തിൽ, ബോളിവുഡിലെ തന്റെ 30 വർഷത്തെ യാത്രയെ ഷാരൂഖ് ഖാൻ വിലമതിക്കുന്നതായി പറഞ്ഞു. 30 വർഷം മുമ്പ് ഹേമമാലിനിയുടെ ദിൽ ആഷ്‌നാ ഹേയുടെ ഷൂട്ടിംഗ് ആരംഭിച്ചത് എങ്ങനെയെന്ന് അദ്ദേഹം ഓർത്തു. ആളുകളെ പുഞ്ചിരിപ്പിക്കാനും അവരുടെ ദിവസത്തിന് ഒരു മാറ്റമുണ്ടാക്കാനും കഴിയും എന്നതിനാലാണ് താനൊരു നടനാകാൻ ആഗ്രഹിച്ചതെന്ന് ഷാരൂഖ് പറഞ്ഞു.

“എനിക്ക് കഴിയുന്നത്ര ജോലി ചെയ്യാൻ ശ്രമിക്കുമെന്ന് ഞാൻ എപ്പോഴും കരുതുന്നു, കാരണം ഞാൻ ആദ്യമായി ഫൗജി സീരിയൽ ചെയ്യുമ്പോൾ, ഞാൻ ഒരു മുച്ചക്രവാഹനത്തിൽ പോവുകയായിരുന്നു, രണ്ട് സ്ത്രീകൾ എന്നെ നോക്കി ‘അഭി’ എന്ന് വിളിച്ചുപറഞ്ഞത് ഞാൻ ഓർക്കുന്നു. (കഥാപാത്രത്തിന്റെ പേര്). ആ സമയത്ത്, ഞാൻ സ്വയം തീരുമാനിച്ചു, ഞാൻ അഭിനയിക്കുമെന്നും ആളുകളെ ചിരിപ്പിക്കുമെന്നും, ”അദ്ദേഹം പറഞ്ഞു.

താൻ സിനിമയി 30 വർഷം പൂർത്തിയാക്കിയതായി തോന്നുന്നില്ല എന്നും ഷാരൂഖ് പറഞ്ഞു. “ഞാൻ എന്റെ ഭാര്യയോടും കുട്ടികളോടും സംസാരിക്കുകയായിരുന്നു. ഇത്രയും കാലം കഴിഞ്ഞതായി ആരും തിരിച്ചറിയുന്നില്ല. അതൊരു ജീവിതകാലമാണ്. പരമാവധി 10 സിനിമകളിലോ ഒന്നുരണ്ടു വർഷമോ ജോലി ചെയ്യാമെന്ന പ്രതീക്ഷയിലാണ് ഞാൻ മുംബൈയിൽ എത്തിയത്. അത് നടന്നില്ലെങ്കിൽ, സിനിമയിൽ എന്തെങ്കിലും ജോലി കണ്ടെത്താമെന്ന് ഞാൻ കരുതി, അത് ലൈറ്റ് ബോയിയോ സംവിധാന സഹായിയോ എന്താണെങ്കിലും. കാരണം എനിക്ക് സിനിമകൾ മാത്രമാണ് ഇഷ്ടം,” അദ്ദേഹം പറഞ്ഞു.

“എത്ര കാലമായി താങ്കൾ ഇങ്ങനെ രാവിലെ എഴുന്നേറ്റ് മേക്കപ്പ് ഇട്ട് ജോലിക്ക് പോയി അതേ കാര്യം ചെയ്യുന്നുവെന്ന് എന്റെ ഭാര്യ (ഗൗരി ഖാൻ) എന്നോട് നിരന്തരം ചോദിക്കാറുണ്ട്. എനിക്കറിയില്ല. സെറ്റിൽ പോകുന്നതും ഒരാളുടെ ദിവസത്തിന് മാറ്റമുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യുന്നതും എനിക്ക് ആവേശകരമായി തോന്നുന്നു.” അദ്ദേഹം പറഞ്ഞു.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. വൈആർഎഫിന്റെ പത്താൻ, തുടർന്ന് അറ്റ്‌ലിയുടെ ജവാൻ, രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്നിവയാണ് ഷാരൂഖിന്റെ അടുത്ത വർഷങ്ങളിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രങ്ങൾ.

Also Read: വിളിക്കാതെ വന്ന അതിഥികൾ, സമ്മാനമായി കല്ലും ചെരുപ്പും, മദ്യപിച്ചു ബോധമിലാതെ വരനും വധുവും; ബോളിവുഡ് കണ്ട വലിയ താരവിവാഹത്തിന്റെ പിന്നാമ്പുറ കഥകൾ ഇങ്ങനെ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shah rukh khan says he is too old to do romantic films remembers romancing way younger co star