ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ ഗംഭീര വിജയം നേടി മുന്നേറുകയാണ്. സന്തോഷം പങ്കിടാനായി ഷാരൂഖ് ട്വിറ്ററിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു. ഷാരൂഖ് തന്റെ ചിത്രത്തെക്കുറിച്ചും സുഹൃത്തായ സൽമാൻ ഖാനെക്കുറിച്ചും സംസാരിക്കുകയുണ്ടായി.’ഗോട്ട്’ എന്നാണ് സൽമാനെ താരം വിശേഷിപ്പിച്ചത്. ‘പഠാൻ’ ചിത്രത്തിൽ അതിഥി വേഷത്തിൽ സൽമാൻ എത്തുന്നുണ്ട്.
സൽമാനെ കാണാനായി തിയേറ്ററിലെത്തിയ താൻ ഷാരൂഖ് ഫാനായാണ് മടങ്ങിയതെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. “ഞാനും ഒരു ടൈഗർ ആരാധകനാണ് സഹോദരാ… അദ്ദേഹത്തിനൊപ്പം ഞാനും താങ്കളുടെ ഹൃദയത്തിലുണ്ടാകട്ടെ” യെന്നായിരുന്നു ഷാരൂഖിന്റെ മറുപടി. ചിത്രത്തിൽ സൽമാൻ ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ടൈഗർ എന്നത്.
ചിത്രം ഹിറ്റ് ലിസ്റ്റിലിടം നേടി പക്ഷെ സൽമാന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ തോൽപ്പിക്കാനായില്ല എന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്. ഇതിനു മറുപടിയായി സൽമാൻ തന്നെയാണ് എക്കാലത്തെയും മികച്ച താരം എന്നാണ് ഷാരൂഖ് പറഞ്ഞു.
ജനുവരി 25നാണ് ‘പഠാൻ’ റിലീസിനെത്തിയത്. രണ്ടു ദിവസങ്ങൾ കൊണ്ട് 300 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിയത്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് വൈ ആർ എഫ് ആണ്.