സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഹീറോ ആയി മാറുകയാണ് ഷാരൂഖ് ഖാൻ. തീ പിടുത്തത്തിനു സാക്ഷിയാകേണ്ടി വന്നപ്പോൾ സമചിത്തതയോടെ പ്രവർത്തിച്ച് പൊള്ളലേറ്റ ആളെ രക്ഷപ്പെടുത്തിയ ഷാരൂഖിനെ പ്രശംസിക്കുകയാണ് ബോളിവുഡ്. ദീപാവലി ദിനത്തിൽ ജുഹുവിലെ തന്റെ വീടായ ജൽസയിൽ bച്ച് അമിതാഭ് ബച്ചൻ ഒരുക്കിയ ദീപാവലി ആഘോഷത്തിനിടെയായിരുന്നു സംഭവം.
ദീപാവലി ആഘോഷത്തിനിടെ ബച്ചനും വീട്ടുകാരും സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്ന ഐശ്വര്യ റായുടെ മാനേജർ അർച്ചന സദാനന്ദിന്റെ ലെഹങ്കയ്ക്ക് തീപിടിക്കുകയായിരുന്നു. എന്തു ചെയ്യണമെന്ന് എല്ലാവരും പകച്ചുനിന്നപ്പോൾ ഞൊടിയിട കൊണ്ട് പ്രവർത്തിച്ച് ഷാരൂഖ് തീ അണച്ച് അർച്ചനയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതുവഴി വലിയൊരു അപകടമാണ് ഒഴിഞ്ഞുമാറിയതെന്നാണ് റിപ്പോർട്ടുകൾ.
“മകൾക്ക് ഒപ്പം കോർട്ട്‌യാർഡിൽ നിൽക്കുമ്പോഴാണ് അർച്ചനയുടെ ലെഹങ്കയിൽ തീ പിടിച്ചത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ചുറ്റുമുള്ളവർ പകച്ചു നിന്നു. മനസാന്നിധ്യം വീണ്ടെടുത്ത ഷാരൂഖ് ഓടി അർച്ചനയ്ക്ക് അരികിലെത്തി തീ അണയ്ക്കുകയായിരുന്നു. ഒരു ജാക്കറ്റ് ഉപയോഗിച്ച് തീ അണയ്ക്കുന്നതിനിടയിൽ അദ്ദേഹത്തിനും ചെറുതായി പൊള്ളലേറ്റു. എന്നാൽ അതിലൊന്നും പതറാതെ തീ അണയ്ക്കുന്നതിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ,” സംഭവത്തിന് സാക്ഷിയായവർ പറഞ്ഞതായി മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു.
കൈകളിലും കാലിലും പൊള്ളലേറ്റ അർച്ചനയെ ഉടനെ തന്നെ മുംബൈ നാനാവതി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രാത്രി ഏറെ വൈകിയാണ് അപകടമുണ്ടായതെന്നും വളരെ കുറച്ചു അതിഥികൾ മാത്രമാണ് അപ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം. പുലർച്ചെ മൂന്നു മണിയോട് അടുത്താണ് സംഭവമെന്നാണ് റിപ്പോർട്ട്. മനസാന്നിധ്യത്തോടെ സമയോചിതമായി പ്രവർത്തിച്ച ഷാരൂഖിന്റെ പ്രവൃത്തിയാണ് അർച്ചനയെ രക്ഷിച്ചതെന്നാണ് സംഭവത്തിന് ദൃക്‌സാക്ഷിയായവരുടെ മൊഴി. അർച്ചന അപകട നില തരണം ചെയ്തതായി ഹോസ്പിറ്റൽ വൃത്തങ്ങളും സ്ഥിരീകരിക്കുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഐശ്വര്യയുടെ മാനേജറായി പ്രവർത്തിക്കുകയാണ് അർച്ചന.
Read more: നീയും ഞങ്ങളിൽ ഒരുവൻ; ദുൽഖറിനെ ചേർത്തു പിടിച്ച് ബോളിവുഡ് രാജാക്കന്മാർ
ഭാര്യ ഗൗരി ഖാനൊപ്പമാണ് ഷാരൂഖ് ഖാൻ, ബച്ചൻ കുടുംബം സംഘടിപ്പിച്ച ദീപാവലി പാർട്ടിക്ക് എത്തിയത്. ബോളിവുഡിൽ നിന്നും അക്ഷയ് കുമാർ, ഭാര്യ ട്വിങ്കിൾ ഖന്ന, ഷാഹിദ് കപൂർ, മീര രാജ്‌പുത്, അനുഷ്ക ശർമ, വിരാട് കോഹ്‌ലി, ടൈഗർ ഷറഫ്, കാജോൾ, വരുൺ ധവാൻ, നടാഷ ദലാൽ, ശ്രദ്ധ കപൂർ, ശക്തി കപൂർ, സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, താര സുതാര്യ, ഇഷാ ഡിയോൾ, രാജ് കുമാർ റാവു, കത്രീന കെയ്ഫ്, കരീന കപൂർ, അർജുൻ രാംപാൽ, മലൈക അറോറ, കിയാര അദ്വാനി, ബിപാഷ ബസു, ദുൽഖർ സൽമാൻ തുടങ്ങിയവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു.
Read more: ബച്ചൻ വിളിച്ചു, താരങ്ങൾ ജൽസയിലെത്തി; ചിത്രങ്ങൾ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook