കഴിഞ്ഞ മാസം ഇതേ ദിവസമായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. രജനീകാന്തും ഷാരൂഖ് ഖാനും മണിരത്നവും അടക്കം സിനിമാരംഗത്തു നിന്നും നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എന്നാൽ, ഇതിന്റെ ചിത്രങ്ങൾ ഒന്നും വിഘ്നേഷോ നയൻതാരയോ ഇതുവരെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നില്ല.
ഇപ്പോഴിതാ, ഷാരൂഖ് ഖാൻ, രജനീകാന്ത്, മണിരത്നം എന്നിവർ വിവാഹത്തിനു എത്തിയപ്പോഴുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് വിഘ്നേഷ് ശിവൻ.
“സ്നേഹനിധിയായ തലൈവർ, രജനികാന്ത് സാറിനൊപ്പം. അദ്ദേഹം തന്റെ ആദരണീയമായ സാന്നിധ്യവും പോസിറ്റീവിറ്റിയും നന്മയും കൊണ്ട് ഞങ്ങളുടെ വിവാഹത്തെ അനുഗ്രഹിച്ചിരിക്കുന്നു. ഞങ്ങളുടെ വിവാഹത്തിന്റെ ഒരു മാസം പൂർത്തിയാകുന്ന വേളയിൽ ചില മികച്ച നിമിഷങ്ങൾ പങ്കിടുന്നതിൽ സന്തോഷമുണ്ട്,” വിഘ്നേഷ് പറയുന്നു.
വിവാഹവേദിയിൽ വച്ച് വിഘ്നേഷിന് താലിയെടുത്തു കൊടുത്തതും ഒരു കാരണവരുടെ സ്ഥാനത്തു നിന്ന് വിവാഹചടങ്ങുകൾക്ക് മുൻകൈ എടുത്തതും രജനീകാന്ത് ആണെന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു.
“ഇതിൽക്കൂടുതൽ ആർക്ക് എന്ത് ചോദിക്കാൻ കഴിയും! ഞങ്ങളുടെ വിവാഹസമയത്ത് എളിമയും ദയയും ആകർഷകത്വവുമുള്ള ഈ അത്ഭുതമനുഷ്യൻ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നത് അനുഗ്രഹീതമാണ്,” എന്നാണ് ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിച്ചത്. സംവിധായകൻ ആറ്റ്‌ലിയേയും ചിത്രങ്ങളിൽ കാണാം.
ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം എന്നിവരെ കൂടാതെ ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്‌ലി എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
Read more: ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം, നയൻതാരയുടെ വിവാഹമാലയിൽ