രാജ്കുമാർ ഹിരാനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘ഡങ്കി’യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലായിരുന്നു ബോളിവുഡ് താരം ഷാരൂഖ് ഖാൻ. മക്കയിൽ പ്രാർത്ഥനകളിൽ മുഴുകുന്ന ഷാറുഖിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഷാറുഖിന്റെ ഫാൻസ് പേജുകളാണ് ചിത്രങ്ങൾ ഷെയർ ചെയ്തത്. വെള്ള വസ്ത്രമണിഞ്ഞാണ് താരം ഉംറ നിർവ്വഹിക്കാനെത്തിയത്. ആരാധകർ ഷാരൂഖിന്റെ വൈറലായ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
‘ഡങ്കി’യുടെ ചിത്രീകരണ സമയത്ത് നൽകിയ മികച്ച സേവനങ്ങൾക്ക് സൗദി അറേബ്യ മന്ത്രാലയത്തിനു നന്ദി അറിയിച്ചു കൊണ്ടുളള വീഡിയോ താരം പങ്കുവച്ചിരുന്നു. “ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തീകരിക്കുക എന്നതാണ് സംതൃപ്തി നൽകുന്ന കാര്യം. നിങ്ങൾ തന്ന സേവനങ്ങൾക്ക് ഒരുപാട് നന്ദി. ചിത്രത്തിന്റെ സംവിധാനകൻ രാജ് സറിനും മറ്റു അണിയറപ്രവർത്തകരോടും ഞാൻ നന്ദി അറിയിക്കുന്നു” ഷാരൂഖ് കുറിച്ചു.
തപ്സി പന്നുവും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘പത്താൻ’, ‘ജവാൻ’ എന്നിവയാണ് ഷാരൂഖിന്റെ മറ്റു ചിത്രങ്ങൾ. 2023 ജനുവരി 25 നാണ് ‘പത്താൻ’ റിലീസിനെത്തുന്നത്.