ഏറെ പ്രതീക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രമാണ് ‘സീറോ’. ചിത്രത്തില്‍ ഒരു കുള്ളനായാണ് ഷാരൂഖ് ഖാന്‍ എത്തുന്നത്. എന്നാല്‍ സിനിമ റിലീസിനോട് അടുക്കുമ്പോള്‍ എന്താകും ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിധി എന്ന കാര്യത്തിലുള്ള ആശങ്കകൾക്ക് അദ്ദേഹത്തിന് കൃത്യമായ മറുപടിയുണ്ട്.

ഈ ചിത്രം കൂടി പരാജയപ്പെടുകയാണെങ്കില്‍ അടുത്ത ആറ് മുതല്‍ പത്ത് മാസം വരെ തനിക്ക് വേറെ അവസരങ്ങള്‍ കിട്ടില്ലായിരിക്കുമെന്ന് ഷാരൂഖ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ജബ് ഹാരി മെറ്റ് സേജല്‍’ ഉള്‍പ്പെടെ സമീപകാലത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളെല്ലാം പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യങ്ങൾ ഉയരുന്നത്.

സീറോയും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിനായിരുന്നു ഷാരൂഖിന്റെ മറുപടി.

‘എനിക്കത് മാറ്റാന്‍ കഴിയില്ല, എനിക്ക് മാറ്റാന്‍ കഴിയാത്ത ഒന്നിനെക്കുറിച്ച് ഞാന്‍ എന്തിനാണ് ചിന്തിക്കുന്നത്. ‘സീറോ’ എനിക്ക് വളരെ പ്രധാനപ്പെട്ട ചിത്രമാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നെങ്കില്‍, അത് അവരുടെ തോന്നലാണ്. ഈ ചിത്രം പരാജയപ്പെട്ടാല്‍, എന്തു സംഭവിക്കും? ചിലപ്പോള്‍ അടുത്ത ആറോ പത്തോ മാസത്തേക്ക് എനിക്ക് സിനിമ കിട്ടില്ലായിരിക്കാം. പക്ഷെ എന്റെ കഴിവിലും കലയിലും വിശ്വാസമുണ്ടെങ്കില്‍ വീണ്ടും ഞാന്‍ അഭിനയിക്കും,’ ഷാരൂഖ് പറഞ്ഞു.

‘കഴിഞ്ഞ 15 വര്‍ഷത്തേതു പോലെ തന്നെ ഞാന്‍ ചിലപ്പോള്‍ ഒരു തിരിച്ചുവരവ് നടത്തിയേക്കാം. അല്ലെങ്കില്‍ ഒരുപക്ഷെ ഒരിക്കലും തിരിച്ചു വരില്ലായിരിക്കാം. വ്യവസായ ലോകത്തിന് സിനിമയെക്കുറിച്ച് ഒരു വീക്ഷണമുണ്ട്, അവരുടെ കാഴ്ചപ്പാടില്‍ നിന്നും അവര്‍ പറയുന്നത് ശരിയുമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാനിന് ശേഷമെത്തുന്ന ഷാറൂഖിന്റെ പരീക്ഷണ ചിത്രം കൂടിയാണിത്. ആനന്ദ് എല്‍.റായ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അനുഷ്‌ക ശര്‍മ്മ, കത്രീന കെയ്ഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സല്‍മാന്‍ ഖാന്‍, റാണി മുഖര്‍ജി, കജോള്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കരിഷ്മ കപൂര്‍, ജൂഹി ചൗള എന്നിവരും ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അണിയറക്കാര്‍ ഈ കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡിസംബര്‍ 21നാണ് ചിത്രം റിലീസിനെത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook