രാജ്മൽഹോത്രയുടെയും സിമ്രാന്റെയും പ്രണയം പറഞ്ഞ ‘ദിൽവാലേ ദുൽഹനിയ ലേ ജായേങ്കേ’ ഇന്ത്യൻ സിനിമകളിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായിരുന്നു. രാജ് മൽഹോത്രയായി ഷാരൂഖ് ഖാനും സിമ്രാനായി കജോളും ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. ആദിത്യ ചോപ്ര സംവിധാനം ചെയ്ത ഡിഡിഎൽജെ ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമായി മാറിയ ഒന്നുകൂടിയായിരുന്നു. മുംബൈയിലെ മറാത്താ മന്ദിർ തിയേറ്ററിൽ 2014 ഡിസംബർ 12 ന് ചിത്രം ആയിരം ആഴ്ചകൾ പിന്നിട്ട് ചരിത്രം കുറിച്ചിരുന്നു.

ചിത്രത്തിൽ ഇപ്പോഴും ഏവരും ഓർത്തിരിക്കുന്ന ഒന്നാണ് ക്ലൈമാക്സ് രംഗം. ട്രെയിനിൽ പോകുന്ന രാജിനൊപ്പം പോകാനായി അച്ഛന്റെ കയ്യിൽനിന്നും പിടി വിടാൻ സിമ്രാൻ കരഞ്ഞപേക്ഷിക്കുന്നതാണ് രംഗം. ഒടുവിൽ അച്ഛൻ കൈവിടുകയും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ സിമ്രാൻ രാജിന്റെ കൈപിടിച്ച് ചാടിക്കയറുകയും ചെയ്യുന്നു. എന്നാൽ യഥാർഥ ജീവിതത്തിൽ ആരോടും അങ്ങനെ ചെയ്യാൻ പറയില്ലെന്നാണ് ഷാരൂഖ് പറഞ്ഞിരിക്കുന്നത്. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിലെ ഏറെ പ്രശസ്തമായ ട്രെയിൻ രംഗത്തെക്കുറിച്ച് ഷാരൂഖ് പറഞ്ഞത്.

”ട്രെയിനു പുറകേ ഓടാനും അതിൽ ചാടിക്കയറാനും ഒരിക്കലും ഞാൻ പറയില്ല. യഥാർഥ ജീവിതത്തിൽ ഒന്നുകിൽ ചങ്ങല വലിച്ച് ഞാൻ ട്രെയിൻ നിർത്തും. അല്ലെങ്കിൽ അടുത്ത സ്റ്റേഷനിൽ കാണാമെന്നു പറയും. യഥാർഥ ജീവിതത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കൈ പുറത്തേക്കിട്ട് സ്നേഹിക്കുന്ന പെണ്ണിനെ ഒരിക്കലും ഞാൻ വലിച്ചു കയറ്റില്ല. അതുപോലെ കുച്ച് കുച്ച് ഹോത്താ ഹെ ചിത്രത്തിൽ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ അടുത്ത് ചെന്ന് അവളോട് ‘ഐ ലവ് യൂ’ എന്നു പറയില്ലെന്നും ഷാരൂഖ് പറഞ്ഞു. തന്റെ ആരാധകരും സിനിമ കണ്ട് ഒരിക്കലും അതുപോലെ ചെയ്യരുതെന്നും” ഷാരൂഖ് ഉപദേശിച്ചു.

ഇംതിയാസ് അലിയുടെ ജബ് ഹാരി മെറ്റ് സേജൾ ആണ് ഷാരൂഖിന്റെ ഉടൻ പുറത്തിറങ്ങുന്ന ചിത്രം. അനുഷ്ക ശർമയാണ് ചിത്രത്തിലെ നായിക. ഓഗസ്റ്റ് നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ