ഹാർവി വിൻസ്റ്റീന് എതിരായ ആരോപണങ്ങൾക്ക് പിന്നാലെ ഹോളിവുഡിലെ നടിമാർ ഒന്നിന് പുറകേ ഒന്നായി തങ്ങൾ അനുഭവിച്ച ദുരനുഭവങ്ങൾ പങ്കുവച്ചിരുന്നു. ഈ തരംഗം ബോളിവുഡിനെയും ഇളക്കി. കങ്കണ റണാവത്താണ് ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ തനിക്കുണ്ടായ മോശം അനുഭവങ്ങൾ വെളിപ്പെടുത്തിയത്.

ബിസിനസ് ഇന്റർവ്യൂവിന് നൽകിയ അഭിമുഖത്തിൽ അക്ഷയ് കുമാറാണ് ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ കാര്യത്തിൽ തന്റെ നയം വ്യക്തമാക്കിയത്. “ലൈംഗിക അതിക്രമം എല്ലായിടത്തും നടക്കുന്നു. ഹോളിവുഡിലെ തുറന്നുപറച്ചിൽ, മറ്റ് മേഖലകളിൽ ഉള്ള സ്ത്രീകൾക്ക് ധൈര്യം നൽകും” എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.

ഇതിന് പിന്നാലെ ബോളിവുഡിലെ താരരാജാവ് കിംഗ് ഖാനും തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ്. “ഓഹ് ഈ മനുഷ്യൻ ഇങ്ങിനെ പെരുമാറിയോ, ഇത് ഞെട്ടിക്കുന്നതാണ്, തുടങ്ങിയ പ്രതികരണങ്ങൾ അല്ല ഇവിടെയാവശ്യം. തന്റെ അനുഭവങ്ങൾ തുറന്നുപറയുന്ന പെൺകുട്ടികളെ പിന്തുണക്കുകയാണ് വേണ്ടത്.എല്ലാ മേഖലകളിലും ഇത്തരം അനുഭവങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്”, അദ്ദേഹം പറഞ്ഞു.

“അവരുടെ വികാരങ്ങൾക്കും വിലയുണ്ട്. അത് കാണാതെ പോകരുത്. വളരെ ദു:ഖകരമായ കാര്യമെന്തെന്നാൽ, നമ്മളിൽ പലർക്കും നമ്മുടെ മൂക്കിന് താഴെ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ കുറിച്ച് യാതൊരു അറിവും ഇല്ലെന്നതാണ്”, ഷാരൂഖ് ഖാൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ