ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ജലി സിങ്ങിന്റെ കുടുംബത്തിന് ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ എന്‍ജിഒ സാമ്പത്തിക സഹായം നല്കി. ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ജലി സിങ്ങിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതായി മീര്‍ ഫൗണ്ടേഷന് പ്രസ്താവനയില്‍ അറിയിച്ചു.
സുഹൃത്തുക്കളെ കണ്ട് വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന അഞ്ജലിയെ കാറിടിച്ചുവീഴ്ത്തിയശേഷം 10-12 കിലോ മീറ്ററോളം വലിച്ചുകൊണ്ടുപോകുകയായിരുന്നു. സുല്ത്താന്പുരിയില്നിന്ന് കാഞ്ചവാലയിലേക്കാണ് അഞ്ജലിയുമായി കാര്‍ സഞ്ചരിച്ചത്. ജനുവരി ഒന്നിനു പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയും അഞ്ച് സഹോദരങ്ങളും ഉള്‍പ്പെടെ ആറ് പേരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അഞ്ജലി. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഷാരൂഖ് ഖാന് ഫൗണ്ടേഷന് കുടുംബത്തെ സമീപിക്കുകയായിരുന്നു.”മീര്‍ ഫൗണ്ടേഷന്റെ സഹായം അഞ്ജലിയുടെ സഹോദരങ്ങള്‍ക്ക് മതിയായ ആശ്വാസം നല്കുമ്പോള് കുടുംബത്തെ, പ്രത്യേകിച്ച് അമ്മയുടെ ആരോഗ്യപ്രശ്നങ്ങളില്‍ സഹായിക്കുമെന്നും ” ഫൗണ്ടേഷന് അറിയിച്ചു. 2013 ലാണ് ഷാരൂഖ് ഖാൻ മീർ ഫൗണ്ടേഷനു തുടക്കം കുറിക്കുന്നത്. പിതാവ് മീർ താജ് മുഹമ്മദ് ഖാന്റെ ഓർമ്മയ്ക്കാണ് ഷാരൂഖ് സംഘടന ആരംഭിച്ചത്.