ബോളിവുഡിന്റെ എവർഗ്രീൻ പ്രണയചിത്രം ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ (ഡിഡിഎൽജെ)യ്ക്ക് പുറത്തിറങ്ങിയിട്ട് 28 വർഷമാകുന്നു . ഒരു തലമുറയുടെ പ്രണയസ്വപ്നങ്ങൾക്ക് നിറം പകർന്ന ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങളുമൊന്നും ഇനിയും പ്രേക്ഷകർക്ക് ആഘോഷിച്ച് മതിവന്നിട്ടില്ല.
ഇന്ത്യൻ സിനിമാചരിത്രത്തിൽ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ ഓടിയ ചിത്രമെന്ന വിശേഷണവും ഡിഡിഎൽജെയ്ക്ക് സ്വന്തം. നീണ്ട 20 വർഷമാണ് മുംബൈ മറാത്ത മന്ദിർ തിയറ്ററിൽ ചിത്രം മുടങ്ങാതെ പ്രദർശിപ്പിച്ചത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും പത്ത് ഫിലിംഫെയർ അവാർഡുകളും സ്വന്തമാക്കി. ഇന്നും മറാത്ത തിയേറ്റിൽ ഡിഡിഎൽജെ പ്രദർശിപ്പിക്കുന്നുണ്ട്. വളരെ കൗതുകം തോന്നിപ്പിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ഷാരൂഖിന്റെ മാനോജറായ പൂജ ഡാഡ്‌ലാനി.
ജനുവരി 25നാണ് ഷാരൂഖിന്റെ എറ്റവും പുതിയ ചിത്രം പഠാൻ റിലീസിനെത്തിയത്. ചിത്രം ഒരുപാട് വിമർശനങ്ങൾ നേരിട്ടെങ്കിലും ഗംഭീര ഹിറ്റായി മാറിയിരിക്കുകയാണ്. മുംബൈ മറാത്ത മന്ദിറിലെ തിയേറ്റിൽ വച്ചിരിക്കുന്ന ഷാരൂഖിന്റെ ഹിറ്റ് ചിത്രങ്ങളായ ഡിഡിഎൽജെയുടെയും പഠാന്റെയും പോസ്റ്റിന്റെ ചിത്രമാണ് പൂജ ഷെയർ ചെയ്തത്. പഠാനൊപ്പം തന്നെ ഡിഡിഎൽജെയും തിയേറ്ററിൽ പ്രദർശിപ്പിക്കുന്നുണ്ട്
“ഈ രണ്ടു ചിത്രങ്ങൾ കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് ഒരു മനോഹരമായ യാത്രയെക്കുറിച്ചാണ്, വേറെ ആരുടെയുമല്ല ഷാരൂഖ് ഖാന്റെ തന്നെയാണ്. ഇനി നിങ്ങൾക്ക് പഠാനു ടിക്കറ്റ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല കാരണം, മറ്റൊരു ചോയ്‌സുണ്ടല്ലോ” പൂജ ചിത്രത്തിനൊപ്പം കുറിച്ചു.
ജനുവരി 25നാണ് ‘പഠാൻ’ റിലീസിനെത്തിയത്. രണ്ടു ദിവസങ്ങൾ കൊണ്ട് 300 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിയത്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് വൈ ആർ എഫ് ആണ്. സൽമാൻ ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.