സിനിമാമേഖലയിലെ സൂപ്പർ സ്റ്റാറുകൾ ഉൾപ്പെടെയുള്ളവരുടെ പേരുകൾ മുസ്‌ലിം ലീഗ് അംഗത്വ പട്ടികയിൽ. താരങ്ങളായ ഷാരൂഖ് ഖാൻ, മമ്മൂട്ടി, ആസിഫ് അലി എന്നിവരുടെ പേരുകളാണ് പട്ടികയിൽ ഉൾപ്പെട്ടത്. അംഗത്വം നേടാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്നായിരുന്നു നിർദേശം. ഇതിനായി പേരും, ആധാർ കാർഡും, വോട്ടർ ഐഡിയും സൈറ്റിൽ അപ്പലോഡ് ചെയ്യണമായിരുന്നു. കോഴിക്കോടുള്ള ഐടി കോ ഓർഡിനേറ്റർ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് തെറ്റുകൾ കണ്ടെത്തിയത്.
പാർട്ടി അംഗങ്ങൾ തന്നെയാണ് സാധാരണയായി അംഗത്വ വിതരണം നടത്തുന്നത്. എന്നാൽ ആളുകൾ കുറവുള്ള സ്ഥലങ്ങളിൽ കംപ്യൂട്ടർ സെൻറ്ററുകൾ വഴിയാണ് അംഗത്വം സ്വീകരിച്ചതെന്ന വാദങ്ങളും ഉയരുന്നുണ്ട്. തലസ്ഥാനത്ത് 59551 പേർ അംഗത്വം നേടി എന്നാണ് അവസാനിച്ചപ്പോൾ പുറത്തുവന്ന കണക്ക്.
നേമം മണ്ഡലത്തിലാണ് ക്രമകേട് നടന്നിരിക്കുന്നത്. വട്ടിയൂർകാവ്, പാളയം എന്നീ സ്ഥലങ്ങളിലും ഇത്തരത്തിൽ ക്രമകേട് നടന്നിട്ടുണ്ടെന്നുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ്ങ് ഓഫീസറർ സി പി ബാവയാണ്. അന്വേഷണം ആരംഭിച്ചെന്നു അദ്ദേഹം പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.