പഠാന്റെ വിജയാഹ്ളാദത്തിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. 950 കോടിയോളമാണ് ‘പഠാൻ’ ഇതിനകം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. ഇപ്പോഴിതാ, നയൻതാരയുടെ ചെന്നൈയിലെ വീട്ടിലെത്തിയ ഷാരൂഖിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പുതിയ ചിത്രം ‘ജവാൻ’ സിനിമയുമായി ബന്ധപ്പെട്ടാണ് ഷാരൂഖ് ഖാന്റെ സന്ദർശനം. ‘ജവാനി’ൽ ഷാരൂഖിന്റെ നായികയാണ് നയൻതാര.
നയൻതാരയുടെവീട്ടിൽ നിന്നും യാത്ര പറഞ്ഞ് കാറിൽ കയറിയ ഷാരൂഖ് ഫ്ളൈയിംഗ് കിസ്സ് നൽകുന്നതും വീഡിയോയിൽ കാണാം. ട്വിറ്ററിലെ ഒരു ഫാൻ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. മറ്റൊരു വീഡിയോയിൽ നയൻതാരയുടെ വീട്ടിലെത്തിയ ഷാരൂഖ് ഖാനെ ഒരു കൂട്ടം ആരാധകർ സ്വീകരിക്കുന്നതും കാണാം.
അടുത്തിടെ ട്വിറ്ററിൽ ആരാധകരുമായുള്ള ഒരു ആക്സ് മി സെഷനിൽ നയൻതാരയ്ക്ക് ഒപ്പം അഭിനയിച്ചതിനെ കുറിച്ച് ഷാരൂഖ് മനസ്സു തുറന്നിരുന്നു. “നയൻതാര വളരെ സ്വീറ്റാണ്. എല്ലാ ഭാഷകളും വളരെ നന്നായി സംസാരിക്കുന്നു.. ഒരു മികച്ച അനുഭവം. സിനിമയിൽ നിങ്ങൾക്കെല്ലാവർക്കും അവളെ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.”
ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിൽ ഷാരൂഖിനും നയൻതാരയ്ക്കുമൊപ്പം വിജയ് സേതുപതി, സാനിയ മൽഹോത്ര എന്നിവരും അഭിനയിക്കുന്നുണ്ട്. ഈ വർഷം ജൂൺ രണ്ടിനാണ് ‘ജവാൻ’ തിയേറ്ററുകളിൽ എത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലെല്ലാം ചിത്രം റിലീസ് ചെയ്യും. ആക്ഷൻ പാക്ക്ഡ് ചിത്രമാണിതെന്നാണ് ലഭിക്കുന്ന സൂചന.
രാജ് കുമാർ ഹിരാനിയുടെ ‘ഡങ്കി’ ആണ് ഷാരൂഖിന്റെ അടുത്ത ചിത്രം. താപ്സി പാന്നു ആണ് ഈ ചിത്രത്തിൽ ഷാരൂഖിന്റെ നായിക.