കുഞ്ഞ് അബ്രാമിന്റെ ചുറ്റുമാണ് ബോളിവുഡിന്റെ സ്വന്തം കിങ് ഖാൻ ഷാരൂഖിന്റെ ലോകം ഇപ്പോൾ. അടുത്ത കാലത്ത് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തു മാറിനിന്നപ്പോഴും, മകൻ അബ്രാമിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായിരുന്നു ഷാരൂഖിന് താൽപ്പര്യം. അബ്രാമിന്റെ സ്കൂൾ വിശേഷങ്ങളും കുഞ്ഞുകുഞ്ഞു സന്തോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അബ്രഹാമിന്റെ തായ്‌കൊണ്ടോ മത്സര വേദിയിൽ നിറഞ്ഞുനിന്ന ഷാരൂഖിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഞായറാഴ്‌ചയായിരുന്നു തായ്കൊണ്ടോ അക്കാദമിയിൽ മത്സരങ്ങൾ നടന്നത്. നിരവധി താരപുത്രന്മാർ തായ്കൊണ്ടോ അഭ്യസിക്കുന്ന ഈ അക്കാദമിയിൽ തന്നെയാണ് മുൻപ് ആര്യൻ ഖാനും സുഹാന ഖാനും തായ്കൊണ്ടോ അഭ്യസിച്ചത്. അബ്രഹാമിന്റെ മത്സരം കാണാനായി ഷാരൂഖും ഗൗരി ഖാനും ആര്യനും സുഹാനയുമൊക്കെ സകുടുംബം തന്നെ എത്തിച്ചേർന്നിരുന്നു. മത്സരത്തിൽ വിജയിച്ച അബ്രഹാമിനെ വേദിയിലെത്തി ഉമ്മ വയ്ക്കുന്ന ഷാരൂഖ് ഖാനെയും ചിത്രങ്ങളിൽ കാണാം.
അബ്രഹാം മാത്രമല്ല, കരീന കപൂർ- സെയ്ഫ് അലി ഖാൻ ദമ്പതികളുടെ മകൻ തൈമൂർ അലി ഖാൻ, കരിഷ്മ കപൂറിന്റെ മകൻ വിയാൻ രാജ് കപൂർ, നിഖിൽ ദ്വിവേദിയുടെ മകൻ ശിവൻ എന്നിവരും വാർഷിക ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.
മത്സരത്തിനു ശേഷം ഷാരൂഖ്, ആര്യൻ, സെയ്ഫ്, കരീന എന്നിവർ കുട്ടികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഷാരൂഖ് വിജയികൾക്ക് മെഡലുകൾ നൽകുന്നതും ചില ഫോട്ടോകളിൽ കാണാം.
ജവാൻ സിനിമയുടെ ചെന്നൈ ഷെഡ്യൂൾ പൂർത്തിയാക്കിയ ഷാരൂഖ് അടുത്തിടെയാണ് മുംബൈയിൽ മടങ്ങിയെത്തിയത്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനിൽ നയൻതാരയും ഷാരൂഖുമാണ് പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ബിഗ് സ്‌ക്രീനിൽ തിരിച്ചെത്തുന്ന ചിത്രമാണ് ജവാൻ.