മുംബൈ: മലയാളി ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കി ചലച്ചിത്ര താരം ആർ മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “റോക്കറ്റ്റി: ദ നമ്പി ഇഫക്റ്റ്”. മാധവൻ തന്നെയാണ് നായക കഥാപാത്രമായ നമ്പി നാരായണനായി സ്ക്രീനിലെത്തുന്നത്. മാധവൻറെ ആദ്യ സംവിധാന സംരംഭമായ “റോക്കറ്റ്റി: ദ നമ്പി ഇഫക്റ്റി”ൽ തമിഴ് സൂപ്പർ താരം സൂര്യയും ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാനും അഭിനയിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ചിത്രത്തിൽ ഒരു മാധ്യമ പ്രവർത്തകന്റെ വേഷത്തിലാവും ഷാറൂഖ് ഖാൻ അഭിനയിക്കുകയെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്തു. നമ്പി നാരായണനെ അഭിമുഖം ചെയ്യുന്ന മാധ്യമ പ്രവർത്തകന്റെ അതിഥി വേഷമായിരിക്കും ഇത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ മാത്രമാവും കിങ്ങ് ഖാന്റെ സാന്നിദ്ധ്യം. അപ്രധാന അതിഥി വേഷമാവില്ല കിങ്ങ് ഖാന്റേതെന്നും ചിത്രത്തെ മുന്നോട്ട് കൊണ്ടു പോവുന്ന സുപ്രധാന വേഷമാവും ഇതെന്നും മുംബൈ മിറർ റിപ്പോർട്ടിൽ പറയുന്നു.
2018ൽ പുറത്തിറങ്ങിയ ‘സീറോ’ ആണ് ഷാറൂഖ് ഖാൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ‘സീറോ’യിൽ മാധവൻ ഒരു നാസ ശാസ്ത്രജ്ഞനായി അതിഥി വേഷത്തിൽ എത്തിയിരുന്നു. നിർമാതാവ് എന്ന നിലയിൽ സജീവമാണെങ്കിലും അഭിനേതാവെന്ന റോളിൽ തൽക്കാലത്തേക്ക് പിറകിലേക്ക് മാറിനിൽക്കുകയാണ് കിങ്ങ് ഖാൻ. ‘റോക്കറ്റ്റി’ക്ക് പുറമേ ആലിയ ഭട്ട്, രൺബീർ കപൂർ, അമിതാഭ് ബച്ചൻ എന്നിവർ അഭിനയിക്കുന്ന അയൻ മുഖർജിയുടെ ബ്രഹ്മസ്ട്രയിലും ഷാറൂഖ് ഖാൻ അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്.
View this post on Instagram
തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ കോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള അഭിനേതാക്കൾ അണിനിരക്കും. ഹിന്ദിയിൽ ഷാറൂഖ് ഖാൻ ചെയ്യുന്ന വേഷം തമിഴിൽ സൂര്യയാവും ചെയ്യുക. 2004ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം ‘ആയുധ എഴുത്തി’ലാണ് മാധവനും സൂര്യയും ഇതിനു മുൻപ് ഒരുമിച്ചത്.
Read More: നമ്പി ആര്?: ‘റോക്കട്രി’യ്ക്കായി മാധവന്റെ പരകായ പ്രവേശം
സിമ്രാനാണ് ‘റോക്കറ്റ്റി: ദ നമ്പി ഇഫക്റ്റി’ൽ നായികാ കഥാ പാത്രമായി മീന നമ്പിയെ അവതരിപ്പിക്കുന്നത്. 2002നുശേഷം ഇതാദ്യമായാണ് മാധവനും സിമ്രാനും ഒരുമിച്ച് സ്ക്രീനിലെത്തുന്നത്. 2001ൽ കെ ബാലചന്ദറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പാർത്താലെ പരവശം’, 2002ൽ മണി രത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കന്നത്തിൽ മുത്തമിട്ടാൽ’ എന്നീ ചിത്രങ്ങളിലാണ് ഇതിനു മുൻപ് ഇരുവരും നായികാ നായകൻമാരായി അഭിനയിച്ചത്.
Read More: നമ്പി നാരായണന്റെ ജീവചരിത്ര സിനിമയിൽ ഗെയിം ഓഫ് ത്രോൺസ് നടനും
നമ്പി നാരായണന്റെ ആത്മയായ ‘ഓർമകളുടെ ഭ്രമണപഥ’ത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയിൽ ‘ഗെയിം ഓഫ് ത്രോൺസ്’ താരം റോൺ ഡൊണച്ചിയും പ്രധാന വേഷം അഭിനയിക്കും. ‘ഡൗൺ ടൗൺ ആബെ’ നായിക ഫില്ലിസ് ലോഗനും ചിത്രത്തിലുണ്ടാകും. ‘ഗെയിം ഓഫ് ത്രോൺസി’ൽ സെർ റോഡ്രിക് കാസ്സൽ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ താരമാണ് റോൺ ഡൊണച്ചി.
ഐഎസ്ആർഒ ചാരക്കേസില്‍ പ്രതിയായി മുദ്രകുത്തപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നരായണന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘റോക്കറ്ററി’ തനിക്ക് ഒരു ബാധ പോലെയായിരുന്നുവെന്നാണ് മാധവന്‍ തന്നെ മുൻപു പറഞ്ഞിട്ടുണ്ട്. തിരക്കഥ തയ്യാറാക്കുന്നതിനായി നിരവധി തവണ മാധവൻ നമ്പി നാരായണനെ സന്ദർശിച്ചിരുന്നു.
Read More: Shah Rukh Khan to play a journalist in R Madhavan’s Rocketry?