ഷാരൂഖിന്റെ വീടായ മന്നത്തിൽ പ്രേതസാന്നിധ്യം. അത്ഭുതപ്പെടേണ്ട ഈ പ്രേതം ഷാരൂഖിന്റെ വലിയ ആരാധികയാണ്. പ്രിയ താരത്തെ ഒരു നോക്ക് കാണാനുളള ആഗ്രഹം കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതാണ്. കിങ് ഖാൻ ആരാധകരോട് വിഡിയോയിലൂടെ വിശേഷങ്ങൾ പങ്ക് വെക്കുമ്പോഴാണ് പ്രേതമെത്തിയ‌ത്. പ്രേതവുമൊത്തുളള കിങ് ഖാന്റെ വിഡിയോയാണിപ്പോൾ ബോളിവുഡിലെ ചർച്ചാവിഷയം.

ഭൂതത്തിലും പ്രേതത്തിലും വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. എന്തെങ്കിലും ശബ്‌ദം കേട്ടാൽ പ്രേതമാണോയെന്ന് കരുതുന്ന ഒരു പാട് പേർ എന്ന് പറഞ്ഞാണ് ഷാരൂഖ് ഈ വിഡിയോ തുടങ്ങുന്നത്. വിഡിയോയിൽ ഇടയ്‌ക്ക് ഇടയ്‌ക്ക് പേടിപ്പെടുത്തുന്ന ശബ്‌ദങ്ങൾ കേൾക്കുമ്പോൾ അതൊന്നും കാര്യമാക്കേണ്ടെന്നും ഭൂത-പ്രേതങ്ങളൊന്നുമില്ലെന്നും പറയുന്നുണ്ട് കിങ് ഖാൻ.

എന്നാൽ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കെ ആ ഷാരൂഖിന്റെ അടുത്തേക്ക് ഒരു പ്രേതമെത്തുന്നു. പ്രേതവുമായുളള രസകരമായ സംഭാഷണമാണ് വിഡിയോയിലുളളത്. ഷാരൂഖിന്റെ രസകരമായ ഭാവങ്ങളും നർമ്മമാർന്ന വാക്കുകളും കൊണ്ട് സമ്പന്നമാണ് ഈ വിഡിയോ. പ്രേതമായി മന്നാത്തിലെത്തിയത് മറ്റാരുമല്ല ഷാരൂഖിന്റെ വലിയ ആരാധിക കൂടിയായ അനുഷ്കയണ്.

ഇതെന്തെന്നാലോചിച്ച് അത്ഭുതപ്പെടാൻ വരട്ടെ, അനുഷ്‌ക ശർമ്മ നായികയായെത്തുന്ന ഫില്ലോരിയുടെ ഭാഗമായി പുറത്തിറക്കിയതാണ് ഈ വിഡിയോ. അനുഷ്‌ക ശർമ്മ ആദ്യമായി പ്രേതമായെത്തുന്ന ചിത്രമാണ് ഫില്ലോരി. ഉപദ്രവകാരിയല്ലാത്ത ഒരു പാവം പ്രേതമായാണ് അനുഷ്‌ക ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഷാരൂഖിന്റെ വീട്ടിലും പ്രേതമെത്തിയത്. നവാഗതനായ അൻഷായി ലാൽ ആണ് ഫില്ലോരിയുടെ സംവിധായകൻ. പഞ്ചാബി നടൻ ദിൽജിത് ദൊസാഞ്ചാണ് നായകനായെത്തുന്നത്. മാർച്ച് 24ന് ഫില്ലോരി തിയേറ്ററിലെത്തും.

അതേസമയം സിനിമാ ലോകം കാത്തിരിക്കുകയാണ് ഷാരൂഖും അനുഷ്‌കയും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി. ഇംതിയാസ് അലി ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. റബ് നേ ബനാ ദി ജോഡി(2008), ജബ് തക് ഹേ ജാൻ(2012) എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഷാരൂഖും അനുഷ്‌ക ശർമ്മയും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ