ഇന്നത്തെ സൂപ്പര്‍ താരം ആ പദവിയിലേക്ക് എത്തുന്നതിനു മുന്‍പ് നടന്നു കയറിയ വഴികളുണ്ട്. ദില്ലിയിലെ ഒരു ഇടത്തരം കുടുംബത്തില്‍ നിന്നും വന്ന ആ ചെറുപ്പക്കാരന്‍, ബോളിവുഡ് കീഴടക്കുന്നതിനു മുന്‍പ് ചവിട്ടിക്കയറിയ ചെറുപടികള്‍ ഉണ്ട്. അവിടെ നിന്നാണ് ഷാരൂഖ് ഖാന്‍ എന്ന നടനെ ലോകം കണ്ടു തുടങ്ങുന്നത്. ടെലിവിഷന്‍ പരിപാടികളില്‍ തുടങ്ങി, സീരിയലുകളില്‍ എത്തി, അവിടെ നിന്നുമാണ് ഷാരൂഖ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ആയി മാറുന്നത്.
ഷാരൂഖ് ഖാന്റെ ദൂരദര്‍ശന്‍ കാലത്തെ ഒരു വീഡിയോ ക്ലിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാകുന്നത്. ഒരു സംഗീത പരിപാടി അവതരിപ്പിക്കുന്ന ഷാരൂഖിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘സീറോ’ ആണ് ഷാരൂഖിന്റെതായി ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രം. അതിനു ശേഷം അഭിനയജീവിതത്തിന് ഒരു ഇടവേള നല്‍കിയിരിക്കുകയാണ് താരം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം എന്നതിനാല്‍ പുതിയ ചിത്രങ്ങളിലൊന്നും ഒപ്പുവയ്ക്കാന്‍ തോന്നുന്നില്ല എന്നാണ് ഷാരൂഖ് പറയുന്നത്. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാരൂഖിന്റെ പ്രതികരണം.
‘നിലവില്‍ എനിക്ക് സിനിമയൊന്നും ഇല്ല. ഒരു സിനിമയിലും ഞാനിപ്പോള്‍ അഭിനയിക്കുന്നുമില്ല. സാധാരണ ഒരു സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തില്‍ എത്തുമ്പോഴേക്കും അടുത്ത സിനി തുടങ്ങുകയും പിന്നെ മൂന്നോ നാലോ മാസത്തേക്ക് തിരക്കാകുകയുമാണ് പതിവ്. പക്ഷേ ഇത്തവണ എനിക്കങ്ങനെ ചെയ്യാന്‍ തോന്നിയില്ല. എന്റെ ഹൃദയം എന്നെ അതിന് അനുവദിച്ചില്ല. എനിക്കെന്തോ കൂടുതല്‍ സമയമെടുക്കാനും സിനിമകള്‍ കാണാനും കഥകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിക്കാനുമൊക്കെ തോന്നി. എന്റെ കുട്ടികള്‍ അവരുടെ കോളേജ് കാലഘട്ടത്തിലാണ്. എന്റെ മകള്‍ കോളേജിലാണ്. മകന്റെ പഠനം തീരാറായി. എനിക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം.’
നേരത്തേ ബഹിരാകാശയാത്രികന്‍ രാകേശ് ശര്‍മ്മയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ചിത്രം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഷാരൂഖിന് പകരം വിക്കി കൗശലിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തു. രാജ്കുമാര്‍ ഹിരാനിയുടടെ പുതിയ ചിത്രത്തില്‍ കിങ് ഖാന്‍ അഭിനയിക്കുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചിത്രം ഒരു പ്രണയകഥ ആയിരിക്കുമെന്നും രാജ്കുമാര്‍ ഹിരാനിയും ഷാരൂഖ് ഖാനും ചേര്‍ന്നായിരിക്കും നിര്‍മ്മാണം എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ആയിട്ടില്ല.
അതേ സമയം, തന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും എന്ന് ഷാരൂഖ് ഖാന്‍ ടെഡ് ടോക്ക്സ് ഉത്ഘാടന വേദിയില്‍ അടുത്തിടെ പറഞ്ഞു.
Read Here: Shah Rukh Khan: Will announce my next film in a month or two