80-ാം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവേദിയില്‍ അഭിമാനാർഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ‘ആർആർആർ. മികച്ച ഒറിജിനല്‍ സോങ്ങിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയത് ചിത്രത്തിലെ ‘നാട്ടു നാട്ടു എന്ന ഗാനമാണ്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം എം കീരവാണി പുരസ്കാരം ഏറ്റവാങ്ങി.
ഗോള്‍ഡന്‍ ഗ്ലോബ് നേട്ടത്തിൽ സംവിധായകൻ രാജമൗലിയേയും സംഗീത സംവിധായകന്‍ കീരവാണിയേയും ആർആർആർ ടീമിനെയും അഭിനന്ദിക്കുകയാണ് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും. ‘ഉണർന്നയുടനെ എണീറ്റ് സന്തോഷം കൊണ്ട് ‘നാട്ടു നാട്ടു’വിന് ചുവടുവച്ചു,’ എന്നാണ് ഷാരൂഖ് ഖാൻ കുറിക്കുന്നത്. ഇനിയും നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തട്ടെ, ഇന്ത്യയ്ക്ക് അഭിമാനമാകൂ എന്നും ഷാരൂഖ് ആശംസിക്കുന്നു.
നടൻ മോഹൻലാലും ആർആർആർ ടീമിനെ അഭിനന്ദിച്ചുകൊണ്ട് കുറിപ്പ് ഷെയർ ചെയ്തിട്ടുണ്ട്. “ഗോൾഡൻ ഗ്ലോബിൽ ഇന്ത്യയെ അഭിമാനം കൊള്ളിച്ചതിന് കീരവാണി ഗാരു, രാജമൗലി ഗാരു, രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്കും ആർആർആർ സിനിമയുടെ മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,” മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
“അഭിനന്ദനങ്ങൾ ആർആർആർ, ഗോൾഡൻ ഗ്ലോബ് അവാർഡ് നേട്ടത്തിന്. ഏറ്റവും അർഹമായ നേട്ടം,” അമിതാഭ് ബച്ചന്റെ അനുമോദന കുറിപ്പ് ഇങ്ങനെ.
സംഗീത സംവിധായകൻ എ ആർ റഹ്മാനും കീരവാണിയെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോൾഡൻ ഗ്ലോബ്സ് പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്.ഡാനി ബോയില്‍ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്ല്യണര്‍’ എന്ന ചിത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയിലേക്ക് പുരസ്‌കാരം എത്തിച്ചത്. ‘സ്ലം ഡോഗ് മില്ല്യണറി’ലൂടെ 2009ല്‍ എ ആര്‍ റഹ്മാനും ഗോൾഡൻ ഗ്ലോബ് നേടിയിരുന്നു.