ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ഏറ്റവും മികച്ച റൊമാന്റിക് സിനിമകളിൽ ഒന്നാണ് ‘ദേവദാസ്’. ബോളിവുഡ് സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ദേവദാസ് റീലീസ് ചെയ്തിട്ട് ഇന്ന് 19 വർഷം പൂർത്തിയായിരിക്കുകയാണ്. 2002 ജൂലൈ 12നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖിനൊപ്പം, ഐശ്വര്യ റായ്, മാധുരി ദിക്ഷിത്, ജാക്കി ഷ്‌റോഫ് തുടങ്ങിയ വലിയ താരനിരയാണ് അഭിനയിച്ചത്.
ചിത്രത്തിന്റെ 19-ാം വാർഷിക ദിനത്തിൽ സിനിമാ സെറ്റിൽ നിന്നുള്ള ഓർമ്മകൾ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് ഷാരുഖ് ഖാൻ. സഞ്ജയ് ലീല ബൻസാലി ഐശ്വര്യ റായ് തുടങ്ങിയവരോടൊപ്പമുള്ള ചില സ്റ്റില്ലുകൾ പോസ്റ്റ് ചെയ്ത ഷാരൂഖ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ സിനിമയിൽ പ്രവർത്തിച്ച മുഴുവൻ അംഗങ്ങളെയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
“എല്ലാ അർധരാത്രികളിലും പുലർച്ചെയുമുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത് അതിസുന്ദരിയായ മാധുരി ദിക്ഷിതും, ഗംഭീരയായ ഐശ്വര്യയും, എപ്പോഴും സന്തോഷവാനായ ബിൻദാസ് ബിന്ദുവും, ജീവിതം നിറഞ്ഞു നിക്കുന്ന കിറോൺ ഖേറും ബൻസാലിക്ക് കീഴിലുള്ള മുഴുവൻ ടീമും കാരണമാണ്. ഒരു പ്രശ്നം മുണ്ട് എപ്പോഴും അഴിഞ്ഞു വീഴുന്നതാണ്! സ്നേഹത്തിന് നന്ദി” ഷാരുഖ് ട്വിറ്ററിൽ കുറിച്ചു.
ദേവദാസ് എന്ന ശരത് ചന്ദ്ര ചട്ടോപാധ്യായയുടെ നോവലാണ് ബൻസാലി സിനിമയാക്കിയത്, ചിത്രം പ്രധാന താരങ്ങളുടെ പ്രകടനം കൊണ്ടും, നിതിൻ ചന്ദ്രകാന്ത് ദേശായിയുടെ കലാസംവിധാനം കൊണ്ടും, ഇസ്മായിൽ ദർബറിന്റെ സംഗീതം കൊണ്ടുമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
Read Also: മാധുരിയുടെ 15 ലക്ഷത്തിന്റെ ചോളി, ഐശ്വര്യയുടെ 600 സാരികൾ; ‘ദേവദാസി’ന്റെ അണിയറക്കഥകൾ
സിനിമയുടെ 19-ാം വാർഷികത്തിൽ മാധുരി ദിക്ഷിതും ചിത്രത്തിലെ ഓർമ്മകൾ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം മരണപ്പെട്ട ദിലീപ് കുമാറിനെ കൂടി ഓർത്തുകൊണ്ടാണ് മാധുരി ഇൻസ്റ്റഗ്രാമിൽ ദേവദാസ് ഓർമ്മകൾ പങ്കുവച്ചത്.
1955ൽ ഇറങ്ങിയ ബിമൽ റോയ്യുടെ ദേവദാസിൽ ദിലീപ് കുമാർ ആയിരുന്നു ദേവദാസ് ആയി അഭിനയിച്ചത്. വിജയന്തിമാല, സുചിത്ര സെൻ എന്നിവരാണ് ദിലീപ് കുമാറിനിനൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.