ഷാരൂഖ് ഖാന്റെ ഹിറ്റ് സിനിമയായ ‘ഓം ശാന്തി ഓമി’ലെ ‘ദിവാൻഗി ദിവാൻഗി’ എന്ന ഗാനത്തിന് പ്രത്യേകതകൾ ഏറെയാണ്. ആ സമയത്ത് ബോളിവുഡിലെ പ്രശസ്തരായ ഒട്ടുമിക്ക താരങ്ങളും ഈ ഗാനരംഗത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 31 ഓളം ബോളിവുഡ് താരങ്ങൾ ഒത്തുചേർന്ന ഗാനമാണിത്.
കപിൽ ശർമ്മയുടെ ഷോയിൽ അതിഥിയായെത്തിയ സംവിധായക ഫറാ ഖാൻ ‘ഓം ശാന്തി ഓമി’ലെ ഈ ഗാനത്തെക്കുറിച്ച് ഓർമകൾ പങ്കിട്ടു. ഗാനരംഗത്തിൽ ദിലീപ് കുമാറിനെയും സൈറ ബാനുവിനെയും ഒരുമിച്ച് കൊണ്ടുവരാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും ഷാരൂഖ് ഖാൻ വ്യക്തിപരമായി ഇക്കാര്യത്തിനു വേണ്ടി ശ്രമിച്ചുവെന്നും പക്ഷേ നടന്നില്ലെന്നും ഫറാ ഖാൻ പറഞ്ഞു. ദേവ് ആനന്ദിനെ സമീപിച്ചുവെങ്കിലും അതിഥി വേഷം താൻ ചെയ്യാറില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു.
അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായുടെയും വിവാഹം ആ മാസം ആയിരുന്നതിനാലാണ് അമിതാഭ് ബച്ചൻ ഒഴിവായത്. അഭിഷേകും ഐശ്വര്യയും ഈ മാസം വിവാഹിതരാവുന്നുവെന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞതെന്ന് ഓം ശാന്തി ഓമിന്റെ ഡയറക്ടറായ ഫറാ ഖാൻ വ്യക്തമാക്കി. ഫറാ ഖാനും ഡിസൈനർ മനീഷ് മൽഹോത്രയും ചേർന്നാണ് ഓരോ താരങ്ങളുടെയും വീട്ടിൽ നേരിട്ട് ചെന്ന് ക്ഷണിച്ചത്.
ഒരു ദിവസം അഞ്ചു താരങ്ങളെ വച്ച് രണ്ടു മണിക്കൂർ വീതമാണ് ഗാനം ഷൂട്ട് ചെയ്തത്. സെറ്റിൽ രാവിലെ കൃത്യസമയത്ത് ഷാരൂഖ് ആദ്യമായി എത്തുന്നത് അന്നായിരുന്നു. കാരണം അദ്ദേഹം സിനിമയുടെ നിർമ്മാതാവും നായകനുമായിരുന്നുവെന്ന് ഫറാ ഖാൻ പറഞ്ഞു.
രേഖ, ധർമ്മേന്ദ്ര, മിഥുൻ ചക്രവർത്തി, കരിഷ്മ കപൂർ, പ്രിയങ്ക ചോപ്ര, പ്രീതി സിന്റ, സൽമാൻ ഖാൻ, സെയ്ഫ് അലി ഖാൻ, ജൂഹി ചൗള, ജിതേന്ദ്ര, ഷബാന ആസ്മി, ശിൽപ ഷെട്ടി, കജോൾ, റാണി മുഖർജി അടക്കമുളളവരാണ് ‘ദിവാൻഗി ദിവാൻഗി’ ഗാനത്തിൽ അതിഥി വേഷത്തിലെത്തിയത്.