പഠാൻ വിജത്തിനു ശേഷം പത്തു കോടിയുടെ ആഡംബര കാർ സ്വന്തമാക്കി കിങ്ങ് ഖാൻ. റോൾസ് റോയ്സ് കലിനൻ ആണ് താരം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുംബൈയിലെ വസതിയ്ക്ക് സമീപമുള്ള വാഹനത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഷാരൂഖിന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി പഠാൻ മാറി. 1000 കോടിയിലധികം ചിത്രം നേടിയിരുന്നു. 2018 ൽ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് സ്ക്രീനിലെത്തിയ ചിത്രമാണ് പഠാൻ. അഭിനയിച്ച ചിത്രങ്ങൾ വിജയം നേടാത്തതിന്റെ പശ്ചാത്തലത്തിൽ സിനിമയിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു.
പുതിയ വാഹനത്തിൽ ഷാരൂഖ് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. “വീട്ടിൽ ഒരു പാർട്ടി ഒരുക്കണമായിരുന്നു”, “പുത്തൻ റോൾസ് റോയസ് കിങ്ങ് ഖാന്റെ ഗരേജിൽ കാണാനായതിൽ സന്തോഷം” ആരാധകരുടെ കമന്റുകളിങ്ങനെ.
അറ്റ്ലി ചിത്രം ‘ജവാൻ’, രാജ്കുമാർ ഹിരാനി ചിത്രം ‘ഡുങ്കി’ എന്നിവയാണ് ഷാരൂഖിന്റെ പുതിയ ചിത്രങ്ങൾ. സൽമാൻ ഖാൻ ചിത്രം ‘ടൈഗർ 3’ ൽ അതിഥി വേഷത്തിലും ഷാരൂഖ് എത്തും. പഠാനിലെ അതേ കഥാപാത്രമായി തന്നെയായിരിക്കും താരമെത്തുക. 2023 നവംബറിൽ ചിത്രം റിലീസിനെത്തും.