ഷാറൂഖാന്റെ 57 -ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. മുംബൈയില്‍ ആരാധകര്‍ കിങ് ഖാനു വേണ്ടി ഒരു ഗംഭീര പരിപാടി തന്നെ സംഘടിപ്പിച്ചിരുന്നു. ഷാറൂഖിന്റെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം വയ്ക്കുന്നതു മുതല്‍ താരത്തിനൊപ്പം സെല്‍ഫിയെടുക്കുന്നതു വരെ നീണ്ടു ആഘോഷങ്ങള്‍. പുതിയ ചിത്രമായ ‘പത്താന്‍’ ന്റെ പോസ്റ്ററും പിറന്നാള്‍ ദിവസം താരം പുറത്തുവിട്ടിരുന്നു.
ഷാറൂഖിന്റെ ഫാന്‍ പേജുകളില്‍ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും നിറയുകയാണ്. ‘പത്താന്‍’ എന്നു എഴുതിയ ജാക്കറ്റാണ് ഷാറൂഖ് പരിപാടിയ്ക്കായി അണിഞ്ഞിരുന്നത്. പിറന്നാള്‍ കേക്കു മുറിച്ച് സന്തോഷം പങ്കുവയ്ക്കാനും താരം മറന്നില്ല.
ഷാറൂഖാന്റെ ആരാധക വൃന്ദം ഇന്ത്യയ്ക്കു പുറത്തും നിറഞ്ഞു നില്‍ക്കുകയാണ്. നവംബര്‍ രണ്ടാം തീയതി ദിവസം ദുബായിയിലെ ബുര്‍ജ് ഖലീഫയില്‍ ആഘോഷങ്ങളുണ്ടായിരുന്നു. ‘ ഹാപ്പി ബര്‍ത്ത്‌ഡെ ഷാറൂഖ് ഖാന്‍, ഹാപ്പി ബര്‍ത്ത ഡെ പത്താന്‍, നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു’ എന്ന എഴുത്ത് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു നിന്നു.
ആഘോഷത്തില്‍ പങ്കെടുക്കുന്നതിനു മുന്‍പ് ഷാറൂഖ് തന്റെ ആരാധകരെ കാണുവാനായി മന്നത്തിനു പുറത്ത് രാത്രിയും ഉച്ചയ്ക്കും പ്രത്യക്ഷപ്പെട്ടിരുന്നു.