മക്കളുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളാനുള്ള യാതൊരു അവസരവും ഷാരൂഖ് ഖാൻ എന്ന പിതാവ് പാഴാക്കാറില്ല. മക്കളെ കുറിച്ച് അഭിമുഖങ്ങളിൽ വാചാലനാവുന്ന ഷാരൂഖിന്റെ ആ ദേശി ഡാഡ് സ്വഭാവം ആരാധകർക്കും ഏറെയിഷ്ടമാണ്. മകൾ സുഹാന ഖാന്റെ പുതിയ കരിയർ തുടക്കത്തെ അഭിനന്ദിച്ചുകൊണ്ട് ഷാരൂഖ് ഷെയർ ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കൽ ഹോ നാ ഹോയിലെ ‘പ്രെറ്റി വുമൺ’ എന്ന ഗാനം വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം. ചൊവ്വാഴ്ച വൈകുന്നേരമാണ് മേക്കപ്പ് ബ്രാൻഡായ മെയ്ബെലൈനിന്റെ ബ്രാൻഡ് അംബാസിഡറായി സുഹാന പ്രഖ്യാപിക്കപ്പെട്ടത്. സുഹാന ഖാന്റെ ആദ്യ ഔദ്യോഗിക മീഡിയ അപ്പിയറൻസ് ആയിരുന്നു ഇന്നലെ നടന്നത്.
“അഭിനന്ദനങ്ങൾ മെയ്ബെലൈൻ ബേട്ടാ. നന്നായി വസ്ത്രം ധരിച്ചു, നന്നായി സംസാരിച്ചു, നന്നായി ചെയ്തു. ഏതെങ്കിലും ക്രെഡിറ്റ് ഞാനെടുക്കുകയാണെങ്കിൽ അത് നിന്നെ നന്നായി വളർത്തിയതിന്റേതാവും. റെഡിൽ സുന്ദരിയായ എന്റെ ലിറ്റിൽ ലേഡി, ഐ ലവ് യു!” എന്നാണ് ഷാരൂഖ് കുറിച്ചത്.
ബ്രാൻഡ് അംബാസഡറായതിൽ തനിക്ക് അഭിമാനമുണ്ടെന്ന് സുഹാന പറഞ്ഞു. സുഹാനയെ കൂടാതെ പ്രശസ്ത ബാഡ്മിന്റൺ ചാമ്പ്യൻ പിവി സിന്ധു, എംടിവി സൂപ്പർ മോഡൽ ഓഫ് ദി ഇയർ എക്ഷാ ജെറുങ്, ഗായിക അനന്യ ബിർള എന്നിവരെയും പുതുമുഖങ്ങളായി പ്രഖ്യാപിച്ചു.
ന്യൂയോർക്കിൽ നിന്നും അഭിനയപരിശീലനം നേടിയ സുഹാന ‘ദ ആർച്ചീസ്’ എന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പമാണ് അഭിനയിക്കുന്നത്. ഖുഷി കപൂർ, അഗസ്ത്യ നന്ദ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടാകും. ചിത്രത്തിന് ശേഷം, സുഹാനയും അഗസ്ത്യയും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു, എന്നാൽ ഇരുവരും അതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.