ബോളിവുഡിന്റെ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും 30-ാം വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഒരുപാട് പ്രണയചിത്രങ്ങളിലെ നായകനായി അഭിനയിച്ചിട്ടുള്ള നടനാണ് ഷാരൂഖ്. എന്നാൽ, ഷാരൂഖിന്റെ പ്രണയസിനിമകളോളം തന്നെയോ ഒരുവേള അതിലുമേറെയോ മനോഹരമാണ് യഥാർത്ഥ ജീവിതത്തിലെ ഷാരൂഖ്- ഗൗരി പ്രണയം.

1984-ൽ ഒരു സുഹൃത്തിന്റെ പാർട്ടിയിൽ വെച്ചാണ് ഷാരൂഖ് ആദ്യമായി ഗൗരിയെ കാണുന്നത്, അന്ന് ഷാരൂഖിന് 18 വയസ്സ് പ്രായം. മറ്റൊരു ആൺകുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന ഗൗരിയെ ആണ് ഷാറൂഖ് ആദ്യമായി കാണുന്നത്. തന്റെ മുന്നിൽ നൃത്തം ചെയ്യുന്ന പെൺകുട്ടി ആരെന്നറിയാൻ ഷാരൂഖിന് ആകാംക്ഷയായി. അന്ന് അൽപ്പം നാണംകുണുങ്ങിയായ ഷാരൂഖിന് നേരെ ചെന്ന് തനിക്കൊപ്പം ഡാൻസ് ചെയ്യാമോ എന്ന് ആ പെൺകുട്ടിയോട് ചോദിക്കാനും പരിചയപ്പെടാനും മടി തോന്നി. അതിനാൽ, ആ പെൺകുട്ടിയെ കുറിച്ച് കൂടുതൽ അറിയാനായി ഷാരൂഖ് ഒരു സുഹൃത്തിനെ പറഞ്ഞയച്ചു. സുഹൃത്ത് ചെന്ന് ആ പെൺകുട്ടിയെ കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി തിരികെയെത്തി ഷാരൂഖിനോട് പറഞ്ഞു, “അവൾ അവളുടെ ബോയ്ഫ്രണ്ടിനെ കാത്തിരിക്കുകയാണ്.”

ആ ദിവസത്തെ കുറിച്ച് പിന്നീടൊരിക്കൽ പ്രീതി സിന്റയുമായുള്ള അഭിമുഖത്തിനിടെ ഷാരൂഖ് പറഞ്ഞതിങ്ങനെ. “അന്ന് ഗൗരി പതിവിനു വിപരീതമായി ഒരുപാട് സംസാരിച്ചു, എനിക്കത് വളരെ വിചിത്രമായി തോന്നി, ഗൗരി പൊതുവെ അത്ര സംസാരിക്കാത്ത ആളാണെന്ന് നിങ്ങൾക്കുമറിയാല്ലോ! പിന്നീട് ഗൗരി തന്നെ അതിനെ കുറിച്ച് വിശദീകരിച്ചു, അവൾ ബോയ് ഫ്രണ്ടിനു വേണ്ടിയല്ല, സഹോദരനു വേണ്ടിയാണ് കാത്തിരുന്നതെന്നും ആളുകൾ ഡാൻസ് ചെയ്യാനായി തന്നെ സമീപിക്കാതിരിക്കാൻ വേണ്ടിയായിരുന്നു അത്തരത്തിൽ മറുപടി കൊടുത്തതെന്ന്.”
ആ കണ്ടുമുട്ടലിനു ശേഷം പതിയെ ഗൗരി- ഷാരൂഖ് സൗഹൃദം വളർന്നു. ആദ്യപ്രണയമായതിനാൽ ഗൗരിയുമായുള്ള ബന്ധത്തിൽ താൻ വളരെ പൊസ്സസ്സീവ് ആയ കാമുകനായിരുന്നു എന്ന് ഷാരൂഖ് തന്നെ പിൽക്കാലത്ത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മറ്റു പുരുഷന്മാരുമായി ഗൗരി സംസാരിക്കുന്നതു താൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നും അതെല്ലാം താൻ വിലക്കിയിരുന്നു എന്നുമാണ് ഇതിനെകുറിച്ച് ഷാരൂഖ് പറഞ്ഞത്.

ആദ്യം ഷാരൂഖ് പ്രപ്പോസ് ചെയ്തപ്പോൾ ഗൗരിയുടെ ഉത്തരം ‘നോ’ എന്നായിരുന്നു. ഗൗരിയുടെ മാതാപിതാക്കൾക്കും തുടക്കത്തിൽ ഷാരൂഖിനെ ഇഷ്ടമായിരുന്നില്ല.
ഇടയ്ക്ക് ഷാരൂഖുമായുള്ള ബന്ധത്തിൽ നിന്നും ഇടവേള വേണമെന്ന് പറഞ്ഞ് ഗൗരി ഷാറൂഖിനോട് പറയാതെ മുംബൈയിലേക്ക് പോയി. ആ നിമിഷത്തിലാണ് ഗൗരി തനിക്കെത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് ഷാരൂഖ് മനസ്സിലാക്കിയത്. തന്റെ കയ്യിലുണ്ടായിരുന്ന ക്യാമറ വിറ്റ പണവുമായി ഷാരൂഖ് കൂട്ടുകാർക്കൊപ്പം മുംബൈയിലേക്ക് തിരിച്ചു.
ചങ്ങാതിമാർക്കൊപ്പം ഗൗരിയെ അന്വേഷിച്ച് ഷാരൂഖ് മുംബൈ വീഥികളിലൂടെ അലഞ്ഞു നടന്നു. ഒടുവിൽ ഒരു കടൽത്തീരത്ത് വെച്ചാണ് ഷാരൂഖ് വീണ്ടും ഗൗരിയെ കണ്ടുമുട്ടിയത്. അവിടെ വെച്ച് ഷാരൂഖ് വീണ്ടും ഗൗരിയോട് പ്രണയാഭ്യർത്ഥന നടത്തി, എന്നാൽ അപ്പോഴും ഗൗരിയുടെ ഉത്തരത്തിൽ മാറ്റമില്ലാതിരുന്നു.
ഒരു വർഷത്തിന് ശേഷം ഷാരൂഖിന്റെ അമ്മ മരിച്ചു. ആ വിഷമ വേളയിലാണ് ഷാരൂഖിന് ആശ്വാസവുമായി ഗൗരി എത്തിയത്. രണ്ടു തവണ ഷാരൂഖിനോട് ‘നോ’ പറഞ്ഞ ഗൗരി ഒടുവിൽ വിവാഹത്തിന് തനിക്ക് സമ്മതമാണെന്ന് അറിയിച്ചു.


ഷാരൂഖ് ഒരു നടനാവുന്നതിനോട് ഗൗരിയ്ക്ക് താൽപ്പര്യമില്ലായിരുന്നു. അതേസമയം, ഷാരൂഖ് ആ പ്രായത്തിൽ വിവാഹം കഴിക്കുന്നതിനോട് നിർമ്മാതാക്കൾക്കും വിയോജിപ്പുണ്ടായിരുന്നു, വിവാഹിതനായ നായകന് അത്ര സ്വീകാര്യത ഉണ്ടാവില്ല എന്നായിരുന്നു നിർമ്മാതാക്കൾ ഷാരൂഖിനോട് പറഞ്ഞത്. പക്ഷേ ഗൗരിയുമായി എത്രയും പെട്ടെന്ന് വിവാഹിതനാവണം എന്ന തീരുമാനത്തിൽ ഷാരൂഖ് ഉറച്ചുനിന്നു. അങ്ങനെ 1991 ഒക്ടോബർ 25 ന് ഷാരൂഖ് ഗൗരിയെ വിവാഹം ചെയ്തു.

സംസ്കാരത്തിന്റേയും മതത്തിന്റേയും എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത ഷാരൂഖും ഗൗരിയും ഒന്നായിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിടുന്നു. ആര്യൻ, സുഹാന, അബ്രാം എന്നിങ്ങനെ മൂന്നു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.
ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെയാണ് ഈ വർഷം ഷാറൂഖ് ഗൗരി ദമ്പതികളുടെ വിവാഹവാർഷികം കടന്നുപോയത്. ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട് മകൻ ആര്യൻ ജയിലിൽ കഴിയുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാൻ കിങ്ങ് ഖാനും കുടുംബത്തിനും കഴിയട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.