ഷാരൂഖ് ഖാനും മകൻ ആര്യൻ ഖാനുമൊന്നിച്ച് സക്രീനിലെത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഒടുവിൽ ആ ആഗ്രഹം നിറവേറിയിരിക്കുകയാണ്. ആര്യന്റെ പുതിയ സംരംഭമായ വസ്ത്ര ബ്രാൻഡിന്റെ പരസ്യത്തിലാണ് അച്ഛനും മകനും ഒന്നിച്ചെത്തിയത്. അഭിനയിക്കാൻ മാത്രമല്ല തനിക്ക് സംവിധാനം ചെയ്യാനും അറിയാമെന്ന് ആര്യൻ തെളിയിച്ചിരിക്കുകയാണ് ഈ വീഡിയോയിലൂടെ.
ബോർഡിൽ എന്തൊക്കെയോ കുത്തികുറിച്ച് അതു ദേഷ്യത്തോടെ വെട്ടികളയുന്ന ആര്യന്റെ മുഖത്തു നിന്നാണ് ഒരു മിനുട്ടിലധികം ദൈർഘ്യമുള്ള പരസ്യം ആരംഭിക്കുന്നത്. ‘ടൈംലെസ്’ എന്നാണ് ആദ്യം എഴുതുന്നത് തുടർന്ന് അതു വെട്ടികളയുന്നു. പിന്നീട് ‘ക്യുറ്റെൻഷിയൽ’ എന്ന് എഴുതുന്നുണ്ടെങ്കിലും അതിലും ആര്യൻ സംതൃപ്തനല്ല. ഒരു പെയ്ന്റിങ്ങ് ബ്രഷ് ഉപയോഗിച്ച് ചുവപ്പ് വരയിട്ട ശേഷം ആര്യൻ നടന്നു നീങ്ങുകയാണ്. നീല നിറത്തിലുള്ള ജീൻസിനൊപ്പം കറുത്ത ജാക്കറ്റ് അണിഞ്ഞെത്തിയ ആര്യൻ അച്ഛനെ പോലെ തന്നെ സ്റ്റൈലിഷ് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.
കുറച്ചധികം നിമിഷങ്ങൾക്കു ശേഷം ഷാരൂഖും സ്ക്രീനിലെത്തുന്നുണ്ട്. ആര്യൻ നീക്കിവച്ചു പോയ പെയിന്റിങ്ങ് ബ്രഷെടുത്ത് ബ്ലാക്ക് ബോർഡിലേക്ക് നോക്കി നിൽക്കുകയാണ് കിങ്ങ് ഖാൻ. തുടർന്ന് ബ്രാൻഡിന്റെ പേര് എഴുതിയ ശേഷം നടന്നകലുകയാണ് താരം.
ഷാരൂഖിന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് ആണ് വീഡിയോ നിർമിച്ചിരിക്കുന്നത്. D’YAVOL X എന്നാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന പേര്. ആര്യൻ ഖാന്റെ ഉടമസ്ഥതയിലുള്ള സ്ട്രീറ്റ് വെയർ ബ്രാൻഡാണ് D’YAVOL X. എങ്ങനെയാണ് പേരിൽ x വന്നതെന്ന് കാണിക്കുകയാണ് ഈ വീഡിയോയിലൂടെ. ഇരുവരും ഒന്നിച്ചെത്തിയ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഷാരൂഖ് ഖാൻ, സുഹാന ഖാൻ, ഗൗരി ഖാൻ എന്നിവർ കുറച്ചധികം ദിവസങ്ങളായി ആര്യന്റെ ആദ്യ സംവിധാന ശ്രമത്തെ അഭിനന്ദിക്കുന്നുണ്ട്. സിനിമയിലേക്കുള്ള ആര്യന്റെ തുടക്കം അഭിനയിത്തിലൂടെയല്ല മറിച്ച് സംവിധാനം ചെയ്തു കൊണ്ടാണ്. ആര്യൻ തന്നെ തിരക്കഥ എഴുതിയ വെബ് സീരിസായാണ് അടുത്ത സംവിധാന സംരംഭം.