ബോളിവുഡിലെ താര രാജാക്കന്മാരാണ് അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും. രണ്ടു കാലഘട്ടങ്ങളിലായി ഏറ്റവും ജനപ്രിയനായ താരരാജാവ് എന്ന പട്ടം കയ്യേറുന്നവർ. ഇരുവരും ഒന്നിച്ച് ഒരു ഗാനം ആലപിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്റെ നേതൃത്വത്തിലുള്ള റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് നിർമ്മിച്ച ഏറ്റവും പുതിയ ചിത്രമായ ‘ബദ്‌ല’യുടെ പ്രമോഷനിടെയായിരുന്നു ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയും കിങ്ങ് ഖാനും ഒന്നിച്ച് ഗാനം ആലപിച്ചത്. ഷാരൂഖ് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ ഫൺ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇതൊരു ഹിസ്റ്റോറിക് വീഡിയോ ആണെന്നാണ് ബച്ചൻ വീഡിയോയെ വിശേഷിപ്പിക്കുന്നത്. 1991 ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചനും രജനീകാന്തും ഗോവിന്ദയുമെല്ലാം പ്രധാന വേഷങ്ങളിലെത്തിയ ‘ഹം’ എന്ന ചിത്രത്തിലെ ‘ഏക് ദൂസരെ സെ കർത്തെ ഹെ പ്യാർ ഹം’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്.

അമിതാഭ് ബച്ചനും താപ്സി പന്നുവും പ്രധാന വേഷത്തിലെത്തിയ ചിത്രം മാർച്ച് എട്ടിന് വനിതാ ദിനത്തിലാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ആദ്യന്തം ഉദ്വേഗജനകമായ ദൃശ്യാനുഭവമാണ് ‘ബദ്‌ല’ സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നത്. സംവിധായകൻ സുജോയ് ഘോഷ് സംവിധാനം ചെയ്ത ‘ബദ്‌ല’ ഒരു ത്രില്ലർ ചിത്രമാണ്. ഒരു സ്പാനിഷ് ത്രില്ലറായ ‘ദ ഇൻവിസിബിൾ ഗസ്റ്റ്’ എന്ന ചിത്രത്തിന്റെ റിമേക്കാണ് ‘ബദ്‌ല’.

‘പിങ്ക്’ എന്ന ചിത്രത്തിനു ശേഷം തപ്‌സിയും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബദ്‌ല’യ്ക്കുണ്ട്. ഒരു അഭിഭാഷകന്റെ വേഷത്തിൽ ബിഗ് ബി എത്തുമ്പോൾ താന്‍ അകപ്പെട്ട കൊലപാതക കുറ്റത്തില്‍ നിന്നും രക്ഷ നേടാന്‍ ഈ അഭിഭാഷകന്റെ സഹായം തേടുന്ന യുവതിയായാണ് തപ്‌സി എത്തുന്നത്.

Read more: തീർന്നു പോവരുതേ എന്നാശിച്ചു; മികച്ച പ്രതികരണം നേടി ‘ബദ്‌ല

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ