ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ പിറന്നാളാണ് ഇന്ന്. താരത്തിന് വേറിട്ടൊരു പിറന്നാൾ സമ്മാനമേകുകയാണ് പ്രഭാസും പ്രഭാസിന്റെ പുതിയ ചിത്രമായ ‘സാഹോ’യുടെ അണിയറപ്രവർത്തകരും ചേർന്ന്. ശ്രദ്ധയാണ് ‘സാഹോ’യിൽ പ്രഭാസിന്റെ നായികയായെത്തുന്നത്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘സാഹോ’യിലെ
ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മേക്കിങ് വീഡിയോ ആണ് ശ്രദ്ധ കപൂറിനുള്ള ജന്മദിനാശംസകളോടെ ചിത്രത്തിന്റെ നിർമ്മാതാക്കളായ യുവി ക്രിയേഷൻ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്.

ആരാധകരെ ആവേശത്തിലാക്കുന്ന ദൃശ്യങ്ങളുമായെത്തിയ സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോ ആദ്യ മണിക്കൂറിനുള്ളില്‍ കണ്ടത് രണ്ടുലക്ഷത്തോളം പേരാണ്. വീഡിയോ അപ്‌ലോഡ് ചെയ്ത് മൂന്നു മണിക്കൂർ പിന്നിടുമ്പോഴേക്കും അഞ്ചര ലക്ഷം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.

‘ബാഹുബലി: ദി കണ്‍ക്ലൂഷന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് എത്തുന്ന ചിത്രം എന്ന രീതിയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ‘സാഹോ’യെ നോക്കി കാണുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിൽ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ‘റണ്‍ രാജാ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് ‘സാഹോ’ സംവിധാനം ചെയ്യുന്നത്. ശങ്കര്‍-എഹ്സാന്‍-ലോയ് ത്രയങ്ങൾ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്. പുതിയ വീഡിയോ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഭാസിന്റെ ജന്മദിനമായ ഒക്ടബോര്‍ 23 ന് ‘സാഹോ’യുടെ ആദ്യ മേക്കിങ് വീഡിയോയും അണിയറപ്രവർത്തകർ റിലീസ് ചെയ്തിരുന്നു.

Read more: പിറന്നാൾ ദിനത്തിൽ ആരാധകർക്കായി ‘സഹോ’യുടെ മേക്കിങ് വീഡിയോ പങ്കുവെച്ച് പ്രഭാസ്

ബാഹുബലിയുടെ വിജയത്തോടെ ആഗോളതാരമായി മാറിയ പ്രഭാസ് ‘സാഹോ’യ്ക്ക് റെക്കോർഡ് പ്രതിഫലമാണ് വാങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 150 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ 30 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം. ചിത്രത്തിലെ നായികയായ ശ്രദ്ധ കപൂറിന്റെ പ്രതിഫലവും വാർത്തയായിരുന്നു.​ആദ്യം 12 കോടി പ്രതിഫലതുകയായി ആവശ്യപ്പെട്ട ശ്രദ്ധ പിന്നീട് 9 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്.

ബാഹുബലിയുടെ റെക്കോഡ് ഇതിനോടകം തന്നെ സാഹോ മറികടന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 400 കോടിയ്ക്ക് ഇറോസ് ഇറോസ് ഇന്‍റര്‍ നാഷണല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു. ബാഹുബലിയുടെ വിതരണാവകാശം 350 കോടിയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ