മോദി പ്രധാനമന്ത്രി ആയാൽ ഇന്ത്യ വിടും എന്ന് തന്റെ വാക്കുകളെന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജവാർത്തയ്ക്ക് എതിരെ രംഗത്തു വന്നിരിക്കുകയാണ് നടിയും സാമൂഹിക പ്രവർത്തകയുമായ ശബാന​ ആസ്മി. ട്വിറ്ററിലൂടെയാണ് താരം വ്യാജവാർത്തയ്ക്ക് എതിരെ രംഗത്തു വന്നിരിക്കുന്നത്.

“ഇത് കെട്ടിച്ചമച്ച കഥയാണ്. ഞാനിങ്ങനെ പറഞ്ഞിട്ടില്ല, ഈ രാജ്യം വിടാൻ എനിക്ക് ഉദ്ദേശമില്ല. ഇവിടെയാണ് ഞാൻ ജനിച്ചത്, ഇവിടെ തന്നെ മരിക്കുകയും ചെയ്യും,” വാർത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തികൊണ്ട് ശബാന ആസ്മി കുറിക്കുന്നു.

ശബാന ആസ്മിയുടേതെന്ന പേരിൽ പ്രചരിക്കുന്ന വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നതിനിടയിലാണ് വെളിപ്പെടുത്തലുമായി ശബാന ആസ്മി രംഗത്തെത്തിയിരിക്കുന്നത്.

ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളോടെ സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന നടിമാരിൽ ശ്രദ്ധേയയാണ് ശബാന. ബിജെപിയുടെ വർഗീയരാഷ്ട്രീയത്തിന് എതിരെ പലതവണ ശബ്ദം ഉയർത്തിയിട്ടുള്ള വ്യക്തി കൂടിയാണ് ശബാന. ഭരണപരാജയം മറച്ചുവെക്കാനായി ബിജെപി വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവും അടുത്തിടെ ശബാന ആസ്മി ഉന്നയിച്ചിരുന്നു. ജെഎൻയു വിദ്യാർത്ഥി നേതാവും സിപിഐ സ്ഥാനാർഥിയുമായ കനയ്യകുമാറിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു ശബാനയുടെ വാക്കുകൾ.

Read more: ഷബാന ആസ്മി ‘ദേശവിരുദ്ധ’ ആണെന്ന് കങ്കണ; പ്രതികരിച്ച് ഷബാന

തൊഴിൽ സൃഷ്ടിക്കുന്നതിലും സ്ത്രീസുരക്ഷ ഒരുക്കുന്നതിലും പരാജയപ്പെട്ട ബിജെപി സർക്കാർ വർഗീയ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ബിജെപി എന്താണെന്ന് വെളിപ്പെടാൻ കൂടുതൽ സമയം വേണ്ടിവന്നില്ലെന്നും ചൂണ്ടിക്കാട്ടി പൊതുയോഗത്തിൽ സംസാരിച്ച ശബാനയുടെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more about Shabana Azmi: ഇന്ത്യന്‍ സിനിമയിലെ റാഡിക്കല്‍ ശബ്ദത്തിന് ഇന്ന് 68 വയസ്സ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook