അടുത്തകാലത്ത് മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ ‘ജിമിക്കി കമ്മല്‍’ എന്ന പാട്ട്. എന്നാല്‍ ഈ വിഡിയോ ഇപ്പോള്‍ യുട്യൂബില്‍ നിന്ന് എടുത്തുമാറ്റിയിരിക്കുകയാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ഈ ഗാനത്തിന്റെ വീഡിയോ യുട്യൂബില്‍ നിന്ന് മാത്രമേ എടുത്തു മാറ്റാന്‍ സാധിക്കുള്ളുവെന്നും ആസ്വാദകരുടെ ഹൃദയത്തില്‍ ജിമിക്കി കമ്മല്‍ എന്ന ഗാനം എന്നും നില നില്‍ക്കുമെന്നും ഷാന്‍ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

‘ജിമിക്കി കമ്മല്‍ നീക്കം ചെയ്യപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ നിരവധി പേര്‍ എന്നോട് ആവശ്യപ്പെട്ടു. 80 മില്യണോ അതിനു മുകളിലോ ആളുകളാണ് ഇതുവരെ കണ്ടത്. കൃത്യമായ കണക്ക് ഓര്‍മയില്ല. കോപ്പി റൈറ്റ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്. ഒരു സ്വകാര്യ ചാനല്‍ ഈ സിനിമയുടെ പകര്‍പ്പാവകാശം ഏറ്റെടുത്തതാണ് ഇതിന് കാരണമെന്നും അറിയുന്നു. ഈ വിഷയത്തെ പറ്റി എന്റെ അഭിപ്രായം ഇതാണ്.

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിഡിയോ ആണ് ജിമിക്കി കമ്മല്‍. വെറും ഒരു ബിസിനസ് കരാറിന്റെ ഭാഗമായാണ് ഇപ്പോള്‍ യുട്യൂബില്‍ നിന്ന് ആ വീഡിയോ എടുത്തുമാറ്റിയത്. ‘മാണിക്യ മലരായാ പൂവി’ എന്ന ഗാനമാണ് ജിമിക്കി കമ്മലിന് ശേഷം ഇത്രയധികം ശ്രദ്ധ ആകർഷിച്ചത്. 74 മില്യണ്‍ ആളുകള്‍ ഇപ്പോള്‍ ഈ ഗാനം കണ്ടു കഴിഞ്ഞു. ഉടൻതന്നെ ആ ഗാനം ജിമിക്കി കമ്മലിന്റെ റെക്കോര്‍ഡിലേക്ക് എത്തും. എന്നാല്‍ ഇപ്പോഴത്തെ വിഷയം അതല്ല. ഈ ലോകം മുഴുവന്‍ ചുവടു വച്ച ജിമിക്കി കമ്മല്‍ എന്ന ഗാനം മലയാളിയുടെ അഭിമാനമായിരുന്നു. യൂട്യൂബില്‍ നിന്നേ നിങ്ങള്‍ക്കത് എടുത്തു മാറ്റാന്‍ സാധിക്കൂ, ആസ്വാദകരുടെ ഹൃദയത്തില്‍ ആ ഗാനം എപ്പോളും ഉണ്ടാകു’മെന്നും ഷാന്‍ പറഞ്ഞു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ