പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. രാജ്യത്തു നിന്നും ഓടിച്ചു വിടുമ്പോൾ ഇതുവരെ സര്‍ക്കാരിലേക്ക് നല്‍കിയ നികുതി പണമൊക്കെ തിരിച്ചു നല്‍കുമോ എന്നാണ് ഷാന്‍ റഹ്മാന്റെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലാണ് പൗരത്വ ഭേദഗതി നിയമത്തിലുള്ള തന്റെ പ്രതികരണം ഷാന്‍ റഹ്മാൻ രേഖപ്പെടുത്തിയത്.
“നിങ്ങൾ ഈ ആളുകളെ നാട്ടിൽ നിന്ന് പുറത്താക്കുമ്പോൾ, അവർ ഇന്നുവരെ അടച്ച നികുതികൾ നിങ്ങൾ തിരികെ നൽകുമോ, ഐടി, ജിഎസ്‌ടി അടക്കം? കാരണം നിങ്ങൾ ഇതുവരെ അതുപയോഗിച്ച് ഒന്നും ചെയ്തിട്ടില്ല, അതിനാൽ എല്ലാം നിങ്ങളുടെ അക്കൗണ്ടുകളിൽ സുരക്ഷിതമായിരിക്കും. അല്ലെങ്കിൽ, ‘നിങ്ങൾ പോകണം, പക്ഷേ നിങ്ങളുടെ പണം ഞങ്ങളുടേതാണ്,’ പോലുള്ള വിലകുറഞ്ഞ നയമായിരിക്കുമോ? ഈ രാജ്യത്ത് ജീവിക്കാനുള്ള വാടക പോലെയാണോ നിങ്ങൾ നികുതിയെ കണ്ടത്?” ഷാൻ ചോദിക്കുന്നു.
“രാജ്യത്തെ ശരിയായ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നാടകം നന്നായി നടക്കുന്നുണ്ട്. ഇപ്പോഴാരും സാമ്പത്തികമാന്ദ്യത്തെ കുറിച്ച് സംസാരിക്കുന്നില്ല, ജി ഡി പിയുടെ ചരിത്രപരമായ വീഴ്ചയെ കുറിച്ച് ആരും സംസാരിക്കുന്നില്ല. തൊഴിലില്ലായ്മയെ കുറിച്ചു ആരും സംസാരിക്കുന്നില്ല,” ഷാൻ കുറിക്കുന്നു.
കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തു വന്നിരുന്നു, “നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും. ഞങ്ങള്‍ക്ക് അവര്‍ സഹോദരീ സഹോദരന്മാരാണ്. ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയുടെ ‘കാബില്‍’ കയറി ഞങ്ങളിൽ നിന്ന് ഏറെ ദൂരെയുള്ള നാട്ടിലേക്ക് പോകുക. നിങ്ങള്‍ പോകുമ്പോള്‍ ദയവായി ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുക,” വിനീത് ശ്രീനിവാസൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചതിങ്ങനെ.
പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് സിനിമാ രംഗത്തുനിന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നടി അനശ്വര രാജൻ നടത്തിയ പ്രതിഷേധം സമൂഹമാധ്യങ്ങളിൽ ഏറെ ചർച്ചയായിരുന്നു. . ‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെയാണ് അനശ്വരയുടെ ഇന്‍സ്റ്റഗ്രാം ചിത്രം.
Read more: വസ്ത്രം കൊണ്ട് പ്രതിഷേധം; നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് അനശ്വര നല്‍കുന്ന മറുപടി