തിരുവനന്തപുരം: ഡിസംബര്‍ എട്ട് മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്ത സെക്സി ദുര്‍ഗയെ ഫെസ്റ്റിവലില്‍ നിന്നും പിന്‍വലിക്കുന്നതായി സനല്‍കുമാര്‍ ശശിധരന്‍. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്കാണ് സെക്സി ദുര്‍ഗ തെരഞ്ഞെടുത്തത്. എന്നാല്‍ സെക്സി ദുര്‍ഗയ്ക്ക്, ഐഎഫെഫ്കെയില്‍ പ്രദര്‍ശിപ്പിക്കുക വഴി അക്കാദമിയില്‍ നിന്നും മലയാള സിനിമയെന്ന നിലയില്‍ പ്രോത്സാഹനം ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്ന് സനല്‍കുമാര്‍ വ്യക്തമാക്കി.

“ഐഎഫ്എഫ്കെയും ചലച്ചിത്ര അക്കാദമിയും മലയാളം സിനിമകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന ആത്മാര്‍ഥമായ ശ്രമങ്ങള്‍ മനസിലാക്കുന്നു. സെക്സി ദുര്‍ഗ ഇതിനകം പല രാജ്യങ്ങളിലെ നാല്‍പതിയഞ്ചിലധികം ഫിലിം ഫെസ്ടിവലുകളില്‍ തെരഞ്ഞെടുക്കപ്പെടുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. റോട്ടര്‍ഡാം ഫിലിം ഫെസ്റിവലില്‍ ടൈഗര്‍ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന അംഗീകാരവുമായിട്ടായിരുന്നു ചിത്രത്തിന്റെ യാത്രാരംഭം. സെക്സി ദുര്‍ഗയ്ക്ക്, ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുക വഴി അക്കാദമിയില്‍ നിന്നും മലയാള സിനിമയെന്ന നിലയില്‍ പ്രോത്സാഹനം ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അത്തരം പ്രോത്സാഹനം ആവശ്യമുള്ള വേറെ ഏതെങ്കിലും ചിത്രത്തിന് അത് ലഭിക്കട്ടെ എന്ന ആഗ്രഹത്തോടെ സെക്സി ദുര്‍ഗ ഫെസ്റിവലില്‍ നിന്നും പിന്‍വലിക്കുന്നു”, സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കി.

“ഇതിനെ അഹങ്കാരമെന്നൊക്കെ വിളിച്ച് ഒരുപാടുപേര്‍ മുന്നോട്ട് വരുമെന്ന ഉറച്ച ബോധ്യമുണ്ട്.ഔചിത്യബോധമില്ലായ്മയെ അഹങ്കാരം കൊണ്ടെങ്കിലും നേരിട്ടില്ലെങ്കില്‍ പിന്‍കാല്‍ കൊണ്ട് തൊഴിച്ചും കണ്ടില്ലെന്നു നടിച്ചും തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത എല്ലാ ഉദ്യമങ്ങളെയും ഇല്ലായ്മചെയ്യുന്ന മലയാളി മനോരോഗത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ക്ഷമിക്കണം.സെക്സി ദുര്‍ഗ ഉടന്‍ തിയേറ്ററിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സിനിമ കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സിനിമ കാണാന്‍ വഴിയുണ്ടാക്കുമെന്ന് ഉറപ്പു നല്‍കുന്നതായും സംവിധായകന്‍ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ