യെരെവാൻ: അര്‍മേനിയയിലെ യെരെവാൻ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി സനൽകുമാർ ശശിധരന്റെ ‘സെക്സി ദുർഗ’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രത്തിനുള്ള ഗോൾഡൻ അപ്രികോട്ട് പുരസ്കാരമാണ് സെക്സി ദുർഗക്ക് ലഭിച്ചത്.

പുരസ്കാര ലബ്ധിയിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ ഐഇ മലയാളത്തോട് പ്രതികരിച്ചു. കാൻ ഫിലിം ഫെസ്റ്റിവൽ അടക്കമുള്ള എ ക്സാസ് ചലച്ചിത്ര മേളകളിൽ പുരസ്കാരം ലഭിച്ച ചിത്രങ്ങളോട് മത്സരിച്ചാണ് സെക്സി ദുർഗ അവാർഡ് കരസ്ഥമാക്കിയതെന്നത് സന്തോഷം വർദ്ധിപ്പിക്കുന്നുവെന്നും സനൽ കുമാർ വ്യക്തമാക്കി. ഇന്ത്യൻ സംസ്കാരം അന്താരാഷ്ട്ര വേദികളിൽ ആദരിക്കപ്പെടുകയാണെന്നും സനൽകുമാർ ഐഇ മലയാളത്തോട് പറഞ്ഞു.

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും നിര്‍മാതാവ് ഷാജി മാത്യുവും

നാൽപത്ത​ഞ്ചാമത് റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ ഹിവോസ് ടൈഗർ അവാർഡും സെക്സി ദുർഗയെ തേടിയെത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്നായ ആർമീനിയൻ തലസ്ഥാനമായ യെറിവാനിലാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.  ബിസി 782 ൽ യുറാർതുവിലെ ആർഗിഷ്തി രാജാവാണ് ഈ നഗരം സ്ഥാപിച്ചത്. 1920 മുതൽ യെറിവാൻ ആണ് ആർമീനിയയുടെ തലസ്ഥാനം. പടിഞ്ഞാറൻ ആർമീനിയയിൽ ഹ്രസ്ദാൻ(പഴയ അറാസ് നദി) നദിക്കരയിലാണ് ഈ നഗരം.

Read More : സെക്സി ദുർഗയിൽ അഭിനയിച്ചതിന് നായികക്കെതിരെ കടുത്ത ലൈംഗിക അധിക്ഷേപം

ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യന്‍ പുരുഷ സമൂഹത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. രാജശ്രീ ദേശ്പാണ്ഡേയാണ് ദുര്‍ഗ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. കൃത്യമായി എഴുതപ്പെട്ട ഒരു കഥയോ തിരക്കഥയോ ഇല്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രതാപ് ജോസഫാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

തിരക്കുള്ള ദിനങ്ങളാണ് സെക്സി ദുര്‍ഗയെ കാത്തിരിക്കുന്നത്. ജൂലൈ 21 മുതല്‍ 30 വരെ മെക്സിക്കോയില്‍ നടക്കുന്ന ഇരുപതാമത്‌ ഗുവാനാജുവാതോ രാജ്യാന്തര ചലച്ചിത്രമേളയില്‍ സെക്സി ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആഗസ്റ്റ്‌ മാസവും സെക്സി ദുര്‍ഗയെ സംബന്ധിച്ച് തിരക്കുള്ള മാസമാണ്. പോളണ്ടിലെ ന്യൂ ഹോറൈസന്‍ രാജ്യാന്തര ചലച്ചിത്രമേള, റൊമാനിയയിലെ അനോനിമല്‍ രാജ്യാന്തര ചലച്ചിത്രമേള, ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ രാജ്യാന്തര ചലച്ചിത്രമേള എന്നിവിടങ്ങളിലും സെക്സി  ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Read More : എന്തുകൊണ്ട് സെക്‌സി ദുർഗ ? സനൽ കുമാർ ശശിധരൻ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook