ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം സെക്സി ദുര്‍ഗ എന്ന സിനിമയുടെ പേര് മാറ്റി സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റോടെ റിലീസിനുളള അനുമതി നല്‍കി. ‘എസ് ദുര്‍ഗ’ (S*** Durga) എന്ന പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. പേര് മാറ്റാതെ റിലീസിന് അനുവദിക്കില്ലെന്ന ബോര്‍ഡ് അംഗങ്ങളുടെ നിലപാടിന് സംവിധായകന്‍ അവസാന നിമിഷം വഴങ്ങുകയായിരുന്നു.

കൂടാതെ ചിത്രത്തില്‍ 21 ഇടങ്ങളില്‍ ബീപ്പ് ശബ്ദം നല്‍കി നിശബ്ദമാക്കുകയും ചെയ്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്താതിരിക്കാനാണ് ചിത്രത്തിന്റെ പേര് മാറ്റിയതെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം. സെന്‍സറിംഗ് ചെയ്തത് തമാശ ആയിട്ടാണ് തോന്നുന്നതെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

അര്‍മേനിയയിലെ രാജ്യാന്തര ചലച്ചിത്ര മേളയിലും സെക്സി ദുർഗ മികച്ച ചിത്രം

”എസ്’ എന്ന അക്ഷരം എന്തിന്റെ ചുരുക്കമാണെന്ന് പ്രേക്ഷകന് വിട്ടു കൊടുക്കാം. അത് ‘സെക്സി’ എന്നോ മറ്റ് എന്തെങ്കിലും വാക്കോ ആവാം. അത് പ്രേക്ഷകന്‍ തീരുമാനിക്കട്ടെ. ചിത്രം ‘സെക്സി ദുര്‍ഗ’ തന്നെയാണെന്ന് ജനങ്ങളുടെ മനസില്‍ പതിഞ്ഞതാണ്. ഇതൊരു അന്താരാഷ്ട്ര സിനിമയാണ്. ഇന്ത്യയുടെ തിയറ്റര്‍ റിലീസിനുളള പേരാണ് എസ് ദുര്‍ഗ എന്നാക്കിയത്. അത് ഒരിക്കലും ചിത്രത്തെ ബാധിക്കില്ല. ചിത്രം കെട്ടിപ്പടുത്ത ഒരു സ്വത്വം സെന്‍സര്‍ ബോര്‍ഡിന് ഇല്ലാതാക്കാന്‍ കഴിയില്ല. ഭാവനയ്ക്ക് കത്തി വെയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡിനാവില്ല’, സനല്‍കുമാര്‍ ഐഇ മലയാളത്തോട് പ്രതികരിച്ചു.

നവംബറില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു സംവിധായകന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നത്. റിലീസിന് മാത്രമായിരിക്കും കട്ടുകള്‍ ഉണ്ടാവുക. ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമ്പോള്‍ യൊതൊരു സെന്‍സറും കൂടാതെയാണ് പുറത്തിറങ്ങുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ