scorecardresearch

അതിജീവിതയ്ക്ക് ഒപ്പം: ലിജു കൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

അതിജീവിതയ്ക്ക് ഒപ്പം: ലിജു കൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക

കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പുതുമുഖ സംവിധായകൻ ലിജു കൃഷ്ണയുടെ യൂണിയൻ​ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക. ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്ന പടവെട്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താത്ക്കാലിക അംഗത്വമാണ് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ റദ്ദ് ചെയ്തിരിക്കുന്നത്. സംവിധായകൻ ലിജു കൃഷ്ണക്കെതിരെ ഉണ്ടായ ലൈംഗിക പീഡനക്കേസിൽ അതിജീവിതയോടൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ വ്യക്തമാക്കി.

ഞായറാഴ്ചയാണ് യുവതിയുടെ പീഡനപരാതിയിൽ പുതുമുഖ സംവിധായകൻ ലിജു കൃഷ്ണ അറസ്റ്റിലായത്. ‘പടവെട്ട്’ എന്ന പുതിയ ചിത്രത്തിന്റെ മട്ടന്നൂരിലെ ലൊക്കേഷനിൽ നിന്നാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ലിജുവിനെ കസ്റ്റഡിയിലെടുത്തത്. 2020-21 കാലഘട്ടങ്ങളിൽ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി.

കൊച്ചിയിലെ വീട്ടിലും കണ്ണൂർ, എടത്തല എന്നിവിടങ്ങളിലെത്തിച്ചും ബലാൽസംഗം ചെയ്തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി ലിജു ഒരുമിച്ചു താമസിച്ചിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ലിജു കൃഷ്ണ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. ഇന്നു മജിസ്ട്രേട്ടിനു മുൻപിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും കൂടുതൽ തെളിവെടുപ്പു നടത്താനുമുള്ള ഒരുക്കത്തിലാണ് പൊലീസ്.

കേസ് തീർപ്പാക്കുന്നതുവരെ സംവിധായകൻ ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം, കേസ് തീർപ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണം എന്നീ ആവശ്യങ്ങളുമായി വിമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ള്യുസിസി) ഇന്നലെ രംഗത്തെത്തിയിരുന്നു.

ലിജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പടവെട്ട്’. സണ്ണി വെയ്ൻ നിർമ്മിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും മഞ്ജു വാര്യരുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്റെ അറസ്റ്റിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sexual harassment case fefka cancel liju krishna membership