മലയാളികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ സിനിമകളായിരുന്നു സിബിഐ സീരിസിൽ പുറത്തിറങ്ങിയ നാല് സിനിമകളും. ഇപ്പോൾ ഇതാ അഞ്ചാം ഭാഗവും ഉടൻ എത്തുമെന്ന് ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ് സംവിധായകൻ കെ.മധു. അഞ്ചാം തവണയും ബുദ്ധികൊണ്ട് ഞെട്ടിക്കാൻ സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥൻ എത്തുമെന്ന് കെ.മധു പറഞ്ഞു.
സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 32 വർഷം തികയുകയാണ്. ഈ സന്ദർഭത്തിലാണ് സംവിധായകൻ കെ.മധു അഞ്ചാം ഭാഗം ഉറപ്പായും തിയറ്ററിലെത്തുമെന്ന് പറയുന്നത്. മനോരമ ന്യൂസ് ഓൺലെെനു നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
Read Also: വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം; സൗജന്യ ചികിത്സ നൽകും
കെെ പിറകിൽ കെട്ടി വളരെ ശാന്തനായി കേസ് അന്വേഷിക്കുന്ന സേതുരാമയ്യർ സിബിഐ മമ്മൂട്ടിയുടെ ബുദ്ധിയിൽ വിരിഞ്ഞ ആശയമാണെന്ന് കെ.മധു പറയുന്നു. മമ്മൂട്ടിയാണ് കൈ പിറകിൽ കെട്ടുന്ന രീതിയും നടപ്പും മുറുക്കും എല്ലാം കൊണ്ടുവന്നതെന്ന് മധു പറഞ്ഞു. കഥാപാത്രം അയ്യരായാൽ നന്നായിരിക്കുമെന്ന് നിർദേശിച്ചതും മമ്മൂട്ടി തന്നെ. സിബിഐ സീരിസിലെ സിനിമകൾക്ക് മമ്മൂട്ടി നൽകിയ സംഭാവന വളരെ വലുതാണെന്നും കെ.മധു പറഞ്ഞു.
ഒരു സംവിധായകൻ എന്ന നിലയിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ തനിക്കു വെല്ലുവിളിയായിരുന്നെന്ന് മധു പറഞ്ഞു. ഈ ചിത്രം സംവിധായകനെന്ന നിലയിൽ ഒരേസമയം വെല്ലുവിളിയും ആവേശവുമായിരുന്നു. സിബിഐ ഡയറിക്കുറിപ്പിന് മുൻപ് ത്രില്ലർ ഗണത്തിൽ ആ കാലത്ത് ഇറങ്ങിയൊരു ചിത്രം യവനിക മാത്രമായിരുന്നു. ആക്ഷൻ സിനിമകളിൽ നിന്നും മമ്മൂട്ടിയ്ക്കൊരു മാറ്റം കൂടിയായിരുന്നു ആദ്യ സിബിഐ ചിത്രമെന്നും മധു പറഞ്ഞു.
Read Also: മുല്ലപ്പള്ളി ഫോൺ പോലും വിളിക്കാറില്ലെന്ന് സുധാകരൻ; കെപിസിസിയിൽ പൊട്ടലും ചീറ്റലും
ജഗതി ശ്രീകുമാർ അവതരിപ്പിച്ച ‘വിക്രം’ എന്ന കഥാപാത്രം അഞ്ചാം ഭാഗത്തിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിനും കെ.മധു മറുപടി നൽകി. പ്രേക്ഷകർ ഈ സിനിമയിൽ ആരെയൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ അവരെല്ലാം സിനിമയുടെ ഭാഗമായിരിക്കുമെന്ന് മധു അഭിമുഖത്തിൽ പറഞ്ഞു. ജഗതി ശ്രീകുമാർ അഞ്ചാം ഭാഗത്തിലുണ്ടാകുമോ എന്നത് സിനിമ പോലെ സസ്‌പെൻസ് ആയിരിക്കട്ടെ എന്നും മധു പറഞ്ഞു. പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ടെമ്പോ സിബിഐ അഞ്ചാം ഭാഗത്തിലുമുണ്ടാകുമെന്ന് മധു പറഞ്ഞു.