മകന് വേണ്ടി യാചനയുമായി നടി സേതുലക്ഷ്മി. തന്റെ മകന്റെ ഇരു വൃക്കകളും തകരാറിലാണ്, മകനെ സഹായിക്കണം എന്നപേക്ഷിച്ചു കൊണ്ട് സേതുലക്ഷ്മിയമ്മ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി. ഒ പോസിറ്റീവ് ആണ് മകന്റെ രക്ത ഗ്രൂപ്പ്. ഉടന്‍ വൃക്കകള്‍ മാറ്റിവച്ചാലേ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂവെന്ന് സേതുലക്ഷ്മിയമ്മ പറയുന്നു.
ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നില്‍ യാചനയുമായി എത്തിയത്. പത്ത് വര്‍ഷമായി മകന്‍ രോഗാവസ്ഥയിലാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൂത്ത മകന് 13 വയസ്സേ ആയിട്ടുള്ളൂ. അവന് 18 വയസ്സ് ആകുന്നതു വരെയെങ്കിലും തനിക്ക് ജീവിക്കണമെന്നുണ്ടെന്ന് മകന്‍ പറയാറുണ്ടെന്നും, എന്നാല്‍ താന്‍ നിസ്സഹായയാണെന്നും സേതുലക്ഷ്മിയമ്മ പറയുന്നു.
മകന്റെ അസുഖം മൂലമാണ് സേതുലക്ഷ്മി സിനിമാ രംഗത്തേക്ക് വരുന്നത്. മിമിക്രി കലാകാരനായ കിഷോര്‍ ഒരു അപകടത്തിനു ശേഷം ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. ടിവി പരമ്പരയായ സൂര്യോദയത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സത്യന്‍ അന്തിക്കാട് രസതന്ത്രം, വിനോദ യാത്ര, ഭാഗ്യദേവത എന്നീ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കുന്നത്.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങള്‍ സേതുലക്ഷ്മിയമ്മ കൈകാര്യം ചെയ്തിരുന്നു. നാടക വേദികളില്‍ നിന്നുമാണ് ഇവര്‍ ചലച്ചിത്ര ലോകത്തെത്തിയത്.