ടി.എം.സൗന്ദരരാജന്റെ ശബ്ദത്തിലാണ് ഗാനം തുടങ്ങുന്നത്, പിന്നീടത്‌ എഴുപതു ശബ്ദങ്ങളിലൂടെ സഞ്ചരിച്ച്, ഒടുവില്‍ കലൈഞ്ജരുടെ എഴുത്തില്‍ വന്നു നില്‍ക്കുന്നു. വീഡിയോയില്‍ പാടുന്നതും എഴുതുന്നതും കാണുന്നതും എല്ലാം തമിഴ്. കലൈഞ്ജരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘അമൈതി വഴികാട്ടും അന്‍പ് മൊഴി’.

‘സെമ്മൊഴിയാന തമിഴ് മൊഴിയാം’ എന്ന് തുടങ്ങുന്ന ഗാനം കരുണാനിധി എഴുതുന്നത്‌ 2010 ല്‍ നടന്ന വേള്‍ഡ് ക്ലാസിക്കല്‍ തമിഴ് കോണ്‍ഫറന്‍സിന് വേണ്ടിയാണ്. തമിഴ് ജീവിതങ്ങളെ രൂപപ്പെടുത്തിയെടുത്തതില്‍ ആ ഭാഷയ്ക്കും സംസ്കാരത്തിനുമുള്ള പങ്കു എടുത്തുകാട്ടുന്നതാണ് ‘ഉരൈത്ത് വാഴ്ന്തോം ഉഴൈത്ത് വാഴ്വോം’ എന്നടിവരയിടുന്ന വിഖ്യാതമായ ‘തമിഴ് ആന്‍തം’. ഭാഷയ്ക്ക് തന്നെ സമര്‍പ്പിച്ചിരിക്കുന്ന ഈ ഗാനം കര്‍ണാട്ടിക്, ഫോക്ക്, അകൗസ്റ്റിക്ക്, സൂഫി, റോക്ക്, റാപ്പ് എന്നീ സംഗീത ശാഖകളുടെ മിശ്രണമാണ്. കലൈഞ്ജരുടെ വരികളെ ഫ്യൂഷന്‍ സംഗീതം കൊണ്ട് ഉദ്ദീപിപ്പിച്ചത് മദ്രാസിന്റെ മൊസാര്‍ട്ട് എന്നറിയപ്പെടുന്ന എ.ആര്‍.റഹ്മാന്‍.

ജന്മം കൊണ്ട് നാമെല്ലാം ഒന്നാണ് എന്നും, എന്നും അങ്ങനെ ആയിരിക്കണം എന്നുമുള്ള ആഹ്വാനമാണ്‌ ഗാനത്തിന്റെ സന്ദേശം. തമിഴ് സാഹിത്യത്തിന്റെ ചരിത്രവും ഗാനത്തിലെ വരികള്‍ പ്രതിപാദിക്കുന്നുണ്ട്. ആദ്യ ഡ്രാഫ്റ്റ്‌ കമ്പോസ് ചെയ്തതിനു ശേഷമാണ് തമിഴ് കവികളായ കമ്പന്‍, അവ്വയ്യാര്‍ എന്നിവരുടെ പരാമര്‍ശം കലൈഞ്ജര്‍ എഴുതിച്ചേര്‍ക്കുന്നത്.

പി.സുശീല, ടി.എം.സൗന്ദരരാജന്‍, ഹരിഹരന്‍, വിജയ്‌ യേശുദാസ്, ഹരിണി, ചിന്മയി, ഉണ്ണി മേനോന്‍, യുവാന്‍ ശങ്കര്‍ രാജ, അനുരാധ ശ്രീരാം, നരേഷ് അയ്യര്‍, ചിന്ന പൊണ്ണ്, ടി.എല്‍.മഹാരാജന്‍, ബെന്നി ദയാല്‍, ശ്രീനിവാസ്, ശ്രുതി ഹാസന്‍, ജി.വി.പ്രകാശ്, എ.ആര്‍.രെഹാന തുടങ്ങിയ പിന്നണി ഗായകരും ടി.എം.കൃഷ്ണ, നിത്യശ്രീ മഹാദേവന്‍, സൗമ്യ, ബോംബെ ജയശ്രീ, അരുണ സായിറാം തുടങ്ങിയ കര്‍ണാടക സംഗീതജ്ഞരും എം.വൈ.അബ്ദുല്‍ ഘാനി, ഖാജമൊയ്ദീന്‍, സാബുമൊയ്ദീന്‍ എന്നീ ഫോക്ക്-സൂഫി ഗായകരും ബ്ലേസ് എന്ന റാപ്പ് സംഗീതജ്ഞനും ഉള്‍പ്പടെ എഴുപതോളം പാട്ടുകാരാണ് ഈ വരികള്‍ ആലപിചിരിക്കുന്നത്. അഭിനേതാക്കളായ സാമന്ത, അഖില്‍, അഞ്ജലി, വി.ടി.വി.ഗണേഷ് എന്നിവരും ആല്‍ബത്തില്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്.

വരികള്‍ വ്യക്തമായി കേള്‍ക്കുന്നതിനു വേണ്ടി താന്‍ ഈ ഗാനത്തില്‍ ഉപകരണ സംഗീതം കഴിവതും കുറച്ചാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് എ.ആര്‍.റഹ്മാന്‍ ആല്‍ബം റിലീസ് വേളയില്‍ പറഞ്ഞിരുന്നു. തമിഴിന്റെ തനതു ഉപകരണങ്ങളായ തവില്‍, നാഗസ്വരം എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം മേനോനാണ്. ക്യാമറ മനോജ്‌ പരമഹംസ. ലോകത്തെ മുഴുവന്‍ തമിഴര്‍ക്കും വേണ്ടി കലൈഞ്ജര്‍ സമര്‍പ്പിച്ച ഈ ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരാരും തന്നെ പ്രതിഫലം കൈപ്പറ്റിയിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ