ചെന്നൈ: ബാലാജി ധരണീധരന്‍ സംവിധാനം ചെയ്ത വിജയ് സേതുപതി ചിത്രം ‘സീതാക്കാതി’ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചോര്‍ന്നു. കുപ്രസിദ്ധരായ തമിള്‍ റോക്കേഴ്സ് ആണ് ഇത്തവണയും സിനിമ ചോര്‍ത്തി അപ്ലോഡ് ചെയ്തത്. ഇന്ന് രാവിലെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഉച്ചയോടെ ചിത്രം തമിള്‍ റോക്കേഴ്സ് വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞയാഴ്ച്ച മോഹന്‍ലാല്‍ ചിത്രം ഒടിയനായിരുന്നു തമിള്‍ റോക്കേഴ്സിന്റെ ഇര. രജനീകാന്ത് ചിത്രം 2.0 ചോര്‍ത്തിയതിന് പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നെങ്കിലും പുതിയ ചിത്രങ്ങള്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു.

ഇതിന് പിന്നാലെ 12,000 വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമാ ലോകത്തിന്റെ പേടിസ്വപ്‌നമാണ് തമിള്‍ റോക്കേഴ്‌സ്. ഇവരെ കണ്ടുപിടിക്കാനും ഈ വെബ്‌സൈറ്റ് ഇല്ലാതാക്കി പൈറസി തടുക്കാനും സിനിമാ മേഖല ശ്രമം തുടങ്ങിയിട്ട് നാളേറെയായി.

സീതാക്കാതിയില്‍ ഒരു നാടകകലാകാരന്‍റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. പ്രായാധിക്യമുള്ള കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി വിജയ്‌യുടെ മേക്കപ്പ് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ഓസ്കര്‍ പുരസ്കാര ജേതാക്കളായ കെവിന്‍ ഹനേയ്, അലക്സ്‌ നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് ദേശീയപുരസ്‌കാര ജേതാവ് അര്‍ച്ചനയാണ്. രമ്യ നമ്ബീശന്‍, ഗായത്രി, പാര്‍വ്വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര എന്നിവരും ‘സീതാക്കാതി’യിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

നടനും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍, തമിള്‍ റോക്കേഴ്‌സ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പൈറസി സംഘത്തെ കണ്ടുപിടിച്ച് ഇത്തരം സൈറ്റുകളെല്ലാം നീക്കം ചെയ്യാന്‍ പ്രത്യേക ടീമിനെ ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

ഒട്ടുമിക്ക എല്ലാ ഓണ്‍ലൈന്‍ പൈറസി സംഘത്തെയും കണ്ടുപിടിച്ച് പൈറസി തടുക്കാന്‍ സാധിച്ചെങ്കിലും തമിള്‍ റോക്കേഴ്‌സിനെതിരെ ഒന്നും ചെയ്യാന്‍ ഈ ആന്റി പൈറസി ടീമിനായില്ല. പൈറസിക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നേരത്തേ വിശാല്‍ കുറ്റപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook