ഐ.വി.ശശി ഇല്ലായിരുന്നുവെങ്കിൽ മലയാളത്തിന് സീമയെപ്പോലെ മികച്ചൊരു നടിയെ ഒരിക്കലും കിട്ടില്ലായിരുന്നു. സീമ തന്നെ മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ ഇക്കാര്യം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ”ഐ.വി.ശശിയില്ലെങ്കിൽ സീമയില്ല. അതു സത്യമാണ്. അങ്ങനെ അല്ല എന്നു പറയാൻ എനിക്ക് പറ്റില്ല. ശശിയേട്ടൻ ഇല്ലെങ്കിൽ ഞാൻ ഒരിക്കലും അഭിനേത്രി ആവില്ലായിരുന്നു.” സീമയുടെ വാക്കുകൾ ഇതായിരുന്നു.
ഐ.വി.ശശി എന്ന സംവിധായകനെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും സീമ പരിപാടിയിൽ പറയുന്നുണ്ട്. പരസ്പരം അടുപ്പത്തിലായപ്പോൾ തന്നെ സീമയെ ഞാൻ കല്യാണം കഴിക്കില്ല, വലിയൊരു നടിയാക്കും എന്നു ശശിയേട്ടൻ തന്നോട് പറഞ്ഞിരുന്നുവെന്ന് സീമ വ്യക്തമാക്കി. ഐ.വി.ശശിയുടെ 50 ലധികം സിനിമകളിൽ അഭിനയിച്ചു. പക്ഷേ ഇതുവരെ എന്താണ് തന്റെ കഥാപാത്രമെന്നോ, എന്താണ് കഥയെന്നോ ചോദിച്ചിട്ടില്ലെന്നും അങ്ങനെയൊരു ശീലം തനിക്കില്ലെന്നും സീമ പറഞ്ഞു.
അവളുടെ രാവുകൾ സിനിമ ചെയ്യുമ്പോൾ സെറ്റിൽവച്ച് താൻ കരഞ്ഞ ഒരു സംഭവത്തെക്കുറിച്ചും സീമ പങ്കുവച്ചു. ”ചിത്രത്തിൽ സോമനുമായുളള ഒരു രംഗമുണ്ട്. അത് എടുക്കാൻ തുടങ്ങിയപ്പോൾ ഇതെന്താ ഇങ്ങനെ എടുക്കുന്നതെന്ന് ഞാൻ ചോദിച്ചു. ബാത്റൂമിലിരുന്ന് ഞാൻ കരയാൻ തുടങ്ങി. അപ്പോൾ ശശിയേട്ടൻ വന്നു. എന്താ പ്രശ്നം എന്നു എന്നോട് ചോദിച്ചു. ഞാൻ ഒന്നുമില്ല സർ എന്നു പറഞ്ഞു. പക്ഷേ എന്റെ മുഖം കണ്ടാൽ ഞാൻ കരഞ്ഞുവെന്ന് അറിയാമായിരുന്നു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, ഇതിൽ ഒരു അശ്ലീലവും ഉണ്ടാവില്ല, അങ്ങനെയൊരു സംവിധായകനല്ല ഞാൻ”.
(കടപ്പാട്: മനോരമ ന്യൂസ്)
സിനിമയിൽ വ്യക്തി ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയല്ല ശശിയേട്ടൻ. സിനിമയുടെ വാണിജ്യമൂല്യം മാത്രമാണ് അദ്ദേഹം നോക്കുക. ഇതെന്റെ ഭാര്യായാണെന്നോ അങ്ങനെ ഒന്നുമില്ലെന്നും സീമ പറഞ്ഞു. തുഷാരം സിനിമയുടെ ചിത്രീകരണത്തിന് കശ്മീരിൽ പോയി. കല്യാണം കഴിഞ്ഞ് മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു അത്. മൈനസ് 44 ആയിരുന്നു താപനില. ആ സമയത്ത് എന്നോട് ഓടാനും നടക്കാനും വീഴാനും ഒക്കെ ശശിയേട്ടൻ പറയും. ഞാൻ അതുപോലെ ചെയ്യും. അപ്പോൾ ബാലേട്ടൻ ചൂടായി, അത് നിന്റെ ഭാര്യയാണെന്ന് അദ്ദേഹം ശശിയേട്ടനോട് പറഞ്ഞു. ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തെ താൻ ഏറെ ബഹുമാനിക്കുന്നുവെന്നും സീമയുടെ വാക്കുകൾ.
അവളുടെ രാവുകൾ ചിത്രത്തിലൂടെയാണ് സീമ മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശാന്തിയെ (സീമ) താൻ പ്രേമിച്ചുതുടങ്ങിയതെന്ന് പത്രപ്രവർത്തകൻ സക്കീർ ഹുസൈൻ എഴുതിയ തിരയും കാലവും എന്ന പുസ്തകത്തിൽ ഐ.വി.ശശി വെളിപ്പെടുത്തിയിരുന്നു. മനസ്സിൽ പ്രണയം നിറഞ്ഞപ്പോൾ അക്കാര്യം ആദ്യമായി അറിയിച്ചത് കമൽഹാസനെയായിരുന്നു. ‘നന്നായി ശാന്തി നല്ല കുട്ടിയാണ്’ എന്നായിരുന്നു അവന്റെ പ്രതികരണം. പിന്നീട് സിനിമയിലെ പലരും ഈ പ്രണയത്തെക്കുറിച്ച് അറിഞ്ഞു. ജയൻ, രജനീകാന്ത്, മധുസാർ, സോമൻ, സുകുമാരൻ…. എല്ലാവരും ഞങ്ങളുടെ സ്നേഹത്തെ പിന്തുണച്ചു.”
(ഓഗസ്റ്റ് 28-ന് കോഴിക്കോട്ടു വെച്ച് നടന്ന ഐവി ശശിയുടെയും സീമയുടെയും വിവാഹവാര്‍ഷിക ആഘോഷം. വിഡിയോ കടപ്പാട്: മാതൃഭൂമി)
സീമയാണു വിവാഹം കഴിക്കാമെന്ന് ആദ്യം പറയുന്നത്. ‘‘ശശിയേട്ടൻ എന്നെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഉടനെ വേണം. അല്ലെങ്കിൽ എന്നെ മറന്നേക്കണം’’.. സീമയുടെ വാക്കുകൾ ഞാൻ ഉൾക്കൊണ്ടു. 1980 ഓഗസ്റ്റ് 29. ചെന്നൈയിലെ മാങ്കോട് ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഒരു സഹോദരനെ പോലെ എല്ലാം നോക്കി നടത്തിയത് ജയനാണ്. വിവാഹം കഴിഞ്ഞ് മൂന്നാംനാൾ ഞങ്ങൾ രണ്ടുപേരും സിനിമയിലെ തിരക്കിലേക്കു പോയി” പുസ്തകത്തിൽ ഐ.വി.ശശി പറയുന്നു.