/indian-express-malayalam/media/media_files/uploads/2018/07/Seema-Biswas.jpg)
നാല് വര്‍ഷത്തിനു ശേഷം നടി സീമാ ബിശ്വാസ് വീണ്ടും മലയാള സിനിമയിലേക്കെത്തുകയാണ്. ജയാ ജോസ് രാജ് സംവിധാനം ചെയ്യുന്ന 'ഇടം' എന്ന ചിത്രത്തിലൂടെയാണ് സീമാ ബിശ്വാസ് തിരിച്ചു വരവ് നടത്തുന്നത്. ചിത്രത്തെക്കുറിച്ചും സീമാ ബിശ്വാസിനൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ചും സംവിധായകന്‍ ജയാ ജോസ് രോജ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട്.
"'ഇടം' എന്നാണ് ചിത്രത്തിന്റെ പേര്. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടുന്നവരുടെ വേദനകളിലേക്ക്, അവരുടെ ജീവിതത്തിലേക്കാണ് 'ഇടം' ക്യാമറ തിരിക്കുന്നത്. മക്കളെ നോക്കി വലുതാക്കി പഠിപ്പിച്ച് ഒടുവില്‍ അവര്‍ ജോലി കിട്ടി മറ്റൊരിടത്തേക്കു പോകുമ്പോള്‍ ആരുമില്ലാതായി പോകുന്നവരാണ് മിക്ക മാതാപിതാക്കളും. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു നിമിഷമെങ്കിലും അച്ഛനമ്മമാര്‍ ഒരു ഭാരമായി തോന്നിയിട്ടും ഉണ്ടാകും. അങ്ങനെയൊരു വിഷയമാണ് ചിത്രം സംസാരിക്കുന്നത്," ജോസ് രാജ് പറയുന്നു.
സീമാ ബിശ്വാസിനൊപ്പം ജയാ ജോസ് രാജ്നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സീമാ ബിശ്വാസ് മലയാളത്തില്‍ അഭിനയിക്കുന്നത്. കഥാപാത്രമായി മാറാന്‍ അവര്‍ നടത്തിയ അര്‍പ്പണബോധം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് ജോസ് രാജ് പറയുന്നു.
"ഭാനുവമ്മ എന്നു പേരുള്ള എഴുപതു വയസുകാരിയായ സ്ത്രീയായാണ് സീമ ബിശ്വാസ് അഭിനയിക്കുന്നത്. അവര്‍ക്ക് രണ്ടു മക്കളാണ്. മൂത്തമകന്‍ ജോലിയായി നഗരത്തിലേക്കു പോയി. രണ്ടാമത്തെ മകന്‍ വീട്ടിലൊന്നും വരാതെ നടക്കുകയാണ്. ഭാനുവമ്മയുടെ 70-ാം പിറന്നാള്‍ ദിവസമാണ് കഥ നടക്കുന്നത്. അന്ന് മകന്‍ തിരിച്ചു വരികയാണ്. മൂത്തമകന് ഇവരെ എങ്ങനെയെങ്കിലും വൃദ്ധസദനത്തിലാക്കണം എന്നാണ് ആഗ്രഹം. മക്കളായി അഭിനയിക്കുന്നത് ഹരീഷ് പേരടിയും അനില്‍ നെടുമങ്ങാടുമാണ്. ഷൂട്ട് തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പു തന്നെ സീമാ ബിശ്വാസ് സെറ്റിലെത്തി അവിടെ താമസം തുടങ്ങി. കാട്ടാക്കടയ്ക്കടുത്തായിരുന്നു ലൊക്കേഷന്‍. അവിടെ സ്വന്തം വീടു പോലെയായിരുന്നു അവര്‍ താമസിച്ചിരുന്നത്. അവിടെ ആ നാട്ടിലെ ഒരു സ്ത്രീ താമസിക്കുന്നതു പോലെ അവര്‍ താമസിച്ചു. വൈകുന്നേരം കരിയിലയൊക്കെ കൂട്ടി തീയിട്ടു കൊതുകിനെ ഓടിക്കും. പിന്നെ സെറ്റിലുള്ളവര്‍ക്ക് ചായയൊക്കെ ഉണ്ടാക്കി തരും. ഷൂട്ട് തീര്‍ന്ന് അവര്‍ പോയപ്പോള്‍ സെറ്റിലുള്ളവര്‍ക്കൊക്കെ വല്ലാത്ത സങ്കടമായിരുന്നു. വല്ലാത്തൊരു ക്യാരക്ടര്‍ ആണ്. ഒരു അസാധ്യ പ്രതിഭയും. ഭാനുവമ്മ എന്ന കഥാപാത്രത്തിലേക്ക് അവര്‍ പരകായ പ്രവേശം ചെയ്യുകയായിരുന്നു," സംവിധായകന്‍ പറയുന്നു.
'ഇട'ത്തിന്റെ ലൊക്കേഷനിൽ സീമാ ബിശ്വാസും സഹതാരങ്ങളുംഅസ്സമീസ് നാടകങ്ങളിലൂടെയായിരുന്നു സീമാ ബിശ്വാസിന്റെ അഭിനയരംഗത്തേക്കുള്ള ചുവടുവയ്പ്. 1994 ല്‍ ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത 'ബാന്‍ഡീറ്റ് ക്യൂന്‍' എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ ഫൂലന്‍ ദേവിയുടെ വേഷത്തിലാണ് സീമ അഭിനയിച്ചത്. ഈ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീപാ മേഹ്തയുടെ 'വാട്ടര്‍' (2007) എന്ന ചിത്രത്തിലും സീമ ബിശ്വാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മലയാളത്തില്‍ ജയരാജ് സംവിധാനം ചെയ്ത 'ശാന്തം' (2001) എന്ന ചിത്രത്തിലും സീമ അഭിനയിച്ചിട്ടുണ്ട്.
22-ാം വയസിലാണ് ജയാ ജോസ് രാജ് തന്റെ ആദ്യ ഹ്രസ്വചിത്രം ഒരുക്കുന്നത്. പിന്നീട് നിരവധി ഡോക്യുമെന്ററി ചിത്രങ്ങള്‍ ഒരുക്കി. 'ഖലാസീസ് ഓഫ് മലബാര്‍' എന്ന ഡോക്യുമെന്ററിക്ക് 2016ലെ കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംവിധായകനുള്ള ടെലിവിഷന്‍ പുരസ്‌കാരം ലഭിച്ചു. 'ഇടം' അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ്.
സീമാ ബിശ്വാസ്, ഹരീഷ് പേരടി, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇതൊരു സാമൂഹിക പ്രാധാന്യമുള്ള വിഷയമാണെന്നും അതുകൊണ്ടു തന്നെ ആ അർത്ഥത്തിൽ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് രാജ് വ്യക്തമാക്കി.
പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രം, സെപ്റ്റംബര്‍ അവസാനത്തോടെ തിയേറ്റില്‍ എത്തിക്കാനാണ് തീരുമാനമെന്നും ജയ ജോസ് രാജ് പറഞ്ഞു. പ്രതാപ് പി.നായരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത് മനോജ് കണ്ണോത്താണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us