ഹിന്ദി ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ്സ് സീസൺ 13ലെ പുതിയ കൺസെപ്റ്റ് ഇന്ത്യൻ സംസ്കാരത്തിന് നിരക്കുന്നതല്ലെന്നും പരിപാടി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നടനും പരിപാടിയുടെ അവതാരകനുമായ സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്കു മുന്നിൽ ശക്തമായ പ്രതിഷേധം. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ വീടിനു പൊലീസ് സുരക്ഷ വർധിപ്പിച്ചു.

ഹിന്ദു സംഘടനയായ കർണി സേനയിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സൽമാൻ ഖാന്റെ മുംബൈയിലെ ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡ് വസതിക്കു പുറത്താണ് പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More: സൽമാൻ ഖാന് വധഭീഷണി

പരിപാടിയിൽ അടുത്തിടെ ഉൾപ്പെടുത്തിയ ബെഡ് ഫ്രണ്ട്സ് ഫോർ എവർ എന്ന ആശയം ഇന്ത്യൻ സംസ്കാരത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും അതിനാൽ പരിപാടി നിരോധിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Read More: നിറയെ അശ്ലീലം, ബിഗ് ബോസ് നിരോധിക്കണെമെന്നു ബിജെപി എംഎൽഎ

അശ്ലീലതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണു കർണി സേന ഉൾപ്പെടെ നിരവധി സംഘടനകൾ ഈ ആശയത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത് എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ താരത്തിന്റെ വസതിക്ക് പുറത്ത് സുരക്ഷ വർദ്ധിപ്പിച്ചെന്നും ഇപ്പോൾ സ്ഥിതി സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ബോസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് ബിജെപി എംഎൽഎ കത്തയച്ചിരുന്നു. ഷോ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും രാജ്യത്തിന്റെ സാമൂഹിക ധാർമികതയെ ബാധിക്കുന്നുവെന്നും എംഎൽഎ നന്ദ് കിഷോർ ഗുർജർ എഴുതിയ കത്തിൽ പറയുന്നു.

ഇന്ത്യൻ സംസ്കാരത്തെ അപകീർത്തിപ്പെടുത്തുന്നതാണ് ഷോയെന്നു ഒക്ടോബർ ഒൻപതിനു എഴുതിയ കത്തിൽ എംഎൽഎ പറഞ്ഞിരുന്നു. ‘ബെഡ് ഫ്രണ്ട്സ് ഫോർ എവർ’ എന്ന ആശയം മുസ്‌ലിം, ബ്രാഹ്മണ സമുദായങ്ങളിൽ നിന്നുള്ള മത്സരാർഥികളെ ബെഡ് പാർട്ണർമാരാക്കി മനഃപൂർവം സാമുദായിക വൈരുധ്യമുണ്ടാക്കാനുള്ള ശ്രമമാണെന്ന് ഗുർജാർ ആരോപിച്ചിരുന്നു.

ബിഗ് ബോസിന്റെ 13-ാമത് സീസൺ കളേഴ്സ് ചാനലിൽ രാത്രി 10.30 നാണു പ്രക്ഷേപണം ചെയ്യുന്നത്. സെൻസർ ബോർഡ് സിനിമകൾക്കു ചെയ്യുന്നതുപോലെ ടിവി ഷോകൾക്കും സെൻസർഷിപ്പ് വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook