പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഈ.മ.യൗവിന്റെ രണ്ടാം ട്രെയിലര്‍ പുറത്ത് വിട്ടു. പുതിയ ട്രെയിലറും പ്രതീക്ഷയുണര്‍ത്തുന്നതാണ്. കടലോരവാസികളുടെ ജീവിതത്തിലൂടെ കടന്നു പോകുന്നതാണ് ട്രെയിലര്‍. വിനായകന്‍, ചെമ്പന്‍ വിനോദ്, പൗളി വില്‍സണ്‍ തുടങ്ങിയവരെ വീഡിയോയില്‍ കാണാം. മെയ് നാലിനാണ് ചിത്രത്തിന്റെ റിലീസ്.

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് ഈ.മ.യൗ. മുമ്പ് രണ്ടു തവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ചില മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണം കിട്ടിയിട്ടുള്ളതിനാലാണ് ചിത്രത്തിന്റെ റീലിസ് മുന്‍കൂട്ടി നിശ്ചയിച്ച തിയതിയില്‍ നിന്നും മാറ്റിയത് എന്നായിരുന്നു സംവിധായകന്റെ പ്രതികരണം. ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. പൗളി വിത്സണ്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ചിത്രീകരണം നടത്തിയത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍.

പി.എഫ് മാത്യൂസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ഈ.മ.യൗ നിര്‍മ്മിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook